അമേരിക്കൻ സൈനികരുടെ മരണത്തിന് കാരണം ചൈന നൽകിയ ഉപഗ്രഹ ചിത്രങ്ങൾ; ഗുരുതര ആരോപണവുമായി യു.എസ്
text_fields(ഫയൽ ചിത്രം)
വാഷിങ്ടൺ: ജോർഡനിലെ സൈനിക താവളത്തിൽ മൂന്ന് അമേരിക്കൻ സൈനികരുടെ മരണത്തിടയാക്കിയ ഇറാൻ മിസൈൽ ആക്രമണത്തിന് പിന്നിൽ ചൈനയുടെ സഹായമുണ്ടെന്ന് യു.എസ് അധികൃതരുടെ ആരോപണം. ചൈനീസ് സ്ഥാപനങ്ങൾ നൽകിയ ഉയർന്ന റെസലൂഷനുള്ള ഉപഗ്രഹ ചിത്രങ്ങളാണ് ഇറാൻ ഇതിനായി ഉപയോഗിച്ചതെന്നാണ് 'വാൾസ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തത്. യു.എസ്-ഇറാൻ സംഘർഷത്തിൽ ചൈനയുടെ പങ്ക് വ്യക്തമാക്കുന്ന ഏറ്റവും വലിയ തെളിവുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ജൂലൈ 17-നാണ് ജോർഡനിലെ മുവഫാഖ് സാൽതി വ്യോമതാവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. താവളത്തിലെ റെസിഡൻഷ്യൽ ഏരിയയിലേക്ക് പതിച്ച മിസൈലുകൾ മൂന്ന് അമേരിക്കൻ സൈനികരുടെ ജീവയെടുക്കുകയും നാല് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള കൃത്യമായ ഉപഗ്രഹ ചിത്രങ്ങൾ തെഹ്‌റാനു ലഭിച്ചിരുന്നുവെന്നാണ് വിവരമറിഞ്ഞ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
എങ്കിലും ചൈനക്ക് നേരിട്ട് പങ്കുണ്ടെന്ന് വാഷിങ്ടൺ ഇതുവരെ ഔദ്യോഗികമായി ആരോപിച്ചിട്ടില്ല. ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയ ചൈനീസ് സ്ഥാപനങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഈ വിഷയം മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ ചൈനീസ് പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, ചൈന ആരോപണങ്ങൾ പൂർണമായി നിഷേധിക്കുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, തങ്ങളെ ഈ സംഘർഷവുമായി ബന്ധിപ്പിക്കാൻ ചില അജ്ഞാത ശക്തികൾ ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
സെപ്റ്റംബർ 24-ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. അതേസമയം ഉച്ചകോടിയെ ബാധിക്കുന്ന തരത്തിലുള്ള പരസ്യമായ തർക്കങ്ങൾ ഒഴിവാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഇറാനുമായി ചിത്രങ്ങൾ പങ്കുവെച്ചതിന് കഴിഞ്ഞ മെയ് മാസത്തിൽ തന്നെ മൂന്ന് ചൈനീസ് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. കൂടാതെ, ഈ ചൈനീസ് ഡാറ്റ ഉപയോഗിച്ച് ഇറാൻ മേഖലയിലെ അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന ആശങ്കയും യു.എസ് ഉദ്യോഗസ്ഥർ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

