Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനിൽ വ്യോമാക്രമണവുമായി അമേരിക്ക, കുവൈത്തിലും ബഹ്റൈനിലും ആക്രമണം; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

text_fields
bookmark_border
ഇറാനിൽ വ്യോമാക്രമണവുമായി അമേരിക്ക, കുവൈത്തിലും ബഹ്റൈനിലും ആക്രമണം; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ
cancel

വാഷിങ്ടൺ/തെഹ്റാൻ: ഹുർമൂസ് കടലിടുക്കിന് സമീപം യു.എസ് സൈന്യത്തിന്റെ അപ്പാഷെ ഹെലികോപ്റ്റർ ഇറാൻ സേന വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം.

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിനായി ശ്രമിക്കുന്നതിനിടെയാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് സൈനിക നീക്കമുണ്ടായിരിക്കുന്നത്.

ഹുർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ നിരവധി വ്യോമ പ്രതിരോധ, റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു യു.എസ് ആക്രമണം. എന്നാൽ ഒരു ആക്രമണവും ഭീഷണിയും മറുപടിയില്ലാതെ വിടില്ലെന്ന് തെഹ്റാൻ വ്യക്തമാക്കി.

യു.എസ് സേന ഇറാനിൽ മൂന്ന് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളുമായിരുന്നു പ്രധാന ലക്ഷ്യം. ആക്രമണ തരംഗത്തിന്റെ വ്യാപ്തി വ്യക്തമല്ലെങ്കിലും ദക്ഷിണ ഇറാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടു.

ബന്ദർ അബ്ബാസ്, ജാസ്ക് എന്നീ മേഖലകളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖഷം ദ്വീപ് പ്രദേശത്തെ നടുക്കി തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ തസ്നിം വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

സിരിക്കിലെ ബെമാനി ജില്ലയിലുള്ള രണ്ട് വാട്ടർ ടാങ്കുകൾ ആക്രമണത്തിൽ തകർന്നതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. കൂടാതെ ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇതിനുപിന്നാലെ കുവൈത്ത്, ബഹ്റൈൻ, ജോർഡൻ എന്നീ രാഷ്ട്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു കുവൈത്തിനുനേരെയുള്ള ആക്രമണം.

അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഫലമാണ് ശബ്ദങ്ങളെന്ന് സൈന്യം

അറിയിച്ചു.സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു.

കുവൈത്തിനു നേരെ അടുത്തിടെ തുടർച്ചയായി ആക്രമങ്ങൾ നടക്കുന്നുണ്ട്. ജൂൺ മൂന്നിന് കുവൈത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 ഇന്ത്യക്കാർ അടക്കം 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു..

പുതിയ ആക്രമണ പരമ്പരക്ക് പിന്നാലെ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തി. അമേരിക്ക തെഹ്റാന്റെ ‘ദൃഢനിശ്ചയത്തെ’ പരീക്ഷിക്കാനാണ് മുതിരുന്നതെന്നും ഇറാന്റെ സായുധ സേന ഒരു ആക്രമണവും മറുപടിയില്ലാതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനെതിരെയുള്ള തങ്ങളുടെ ‘സ്വയം പ്രതിരോധ ആക്രമണങ്ങൾ‘ പൂർത്തിയായതായി യു.എസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ് സേനകൾക്കും മേഖലയിലെ അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കും നേരെ ഉണ്ടായ ആക്രമണങ്ങൾക്കുള്ള ആനുപാതികമായ മറുപടിയാണിത്.

ഹുർമുസ് കടലിടുക്കിന് സമീപം യു.എസ് ആർമിയുടെ അപ്പാഷെ ഗൺഷിപ്പ് ഹെലികോപ്റ്റർ തകർന്നുവീണത് ഇറാന്റെ ഡ്രോൺ ഇടിച്ചതിനെത്തുടർന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ, ഇത് മനഃപൂർവ്വം ചെയ്തതാണോ എന്ന് വ്യക്തമല്ല. ഇതിനുള്ള തിരിച്ചടിയായാണ് യു.എസ് എയർഫോഴ്സിന്റെയും നേവിയുടെയും യുദ്ധവിമാനങ്ങളും മറ്റും ഉപയോഗിച്ച് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ സൈറ്റുകൾ എന്നിവ തകർത്തത്.

ഇറാൻ ഭാഗത്തുനിന്നുള്ള അനാവശ്യമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എസ് സൈന്യം സദാ സന്നദ്ധമാണെന്നും സെന്റ്കോം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Launches Retaliatory Strikes Near Strait of Hormuz After Apache Helicopter Downed; Iran Denies Role
Next Story