‘പീഡന ശ്രമത്തിനിടെ ട്രംപിനെ ഞാൻ കടിച്ചു’ -പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ മൊഴി പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്
text_fieldsവാഷിങ്ടൺ: 13 നും 15 നും ഇടയിൽ പ്രായമുള്ളപ്പോൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച അതിജീവിതയുടെ മൊഴി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുമ്പാകെ 2019ൽ നൽകിയ മൊഴികളാണ് നീതിന്യായ വകുപ്പ് ഇന്നലെ പുറത്തിറക്കിയ രേഖകളിലുള്ളത്.
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ തന്നെ ന്യൂയോർക്കിലേക്കോ ന്യൂജേഴ്‌സിയിലേക്കോ കൊണ്ടുപോയി ട്രംപിന് പരിചയപ്പെടുത്തിയതായി മൊഴിയിൽ പറയുന്നു. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ ട്രംപിനെ കടിച്ചതായും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തെ കുറിച്ച് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വർഷങ്ങളായി തനിക്കും തന്റെ അടുപ്പക്കാർക്കും ഭീഷണി കോളുകൾ ലഭിച്ചതായും മൊഴിയിലുണ്ട്.
ട്രംപിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിടുന്നില്ലെന്ന് യുഎസ് മാധ്യമമായ എൻപിആർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് രേഖകൾ പുറത്തുവിട്ടത്. അതേസമയം, എപ്സ്റ്റീൻ ഫയലിലെ ആരോപണങ്ങൾ തെറ്റാണെന്ന് ട്രംപ് അവകാശപ്പെട്ടു.
നേരത്തെ പുറത്തുവിട്ടവയില്‍ നിന്ന് 47,635 എപ്സ്റ്റീന്‍ ഫയലുകള്‍ പിന്‍വലിച്ചിരുന്നുവെന്ന് നീതിന്യായ വകുപ്പ് സമ്മതിച്ചിരുന്നു. ഇവ ഉള്‍പ്പെടെയാണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്. അതിനിടെ, എപ്സ്റ്റീന്‍ ഫയല്‍സ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് യു.എസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സമന്‍സ് അയച്ചിരിക്കുകയാണ്. എപ്സ്റ്റീന്‍ കേസിലെ സുപ്രധാന തെളിവുകള്‍ നീതി ന്യായ വകുപ്പ് മറച്ചുവെക്കുന്നു എന്ന പരാതിയിലാണ് പാര്‍ലമെന്റിന്റെ നീക്കം. പാം ബോണ്ടി ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുമ്പാകെ തെളിവെടുപ്പിന് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ലൈംഗിക കുറ്റവാളിയും ബാലപീഡകനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വിഡിയോകള്‍ എന്നിവ ഇതിലുള്‍പ്പെടും. ഡോണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ബില്‍ഗേറ്റ്‌സ് തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധം രേഖകളിലൂടെ പുറത്തുവന്നിരുന്നു. 2025ല്‍ യു.എസ് കോണ്‍ഗ്രസ് പാസ്സാക്കിയ എപ്സ്റ്റീന്‍ ഫയല്‍ സുതാര്യതാ നിയമ പ്രകാരമാണ് രേഖകള്‍ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

