Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right1.5 ബില്യൺ ഡോളറിന്റെ...

1.5 ബില്യൺ ഡോളറിന്റെ 'ആന്റി-വെപ്പണൈസേഷൻ ഫണ്ട്': ട്രംപിന്റെ നീക്കങ്ങൾക്ക് ഫെഡറൽ കോടതിയുടെ വിലക്ക്

text_fields
bookmark_border
donald trump
cancel

വാഷിങ്ടൺ: രാഷ്ട്രീയ പീഡനങ്ങൾക്കും ഭരണകൂട വേട്ടയാടലുകൾക്കും ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനെന്ന പേരിൽ 1.8 ബില്യൺ ഡോളറിന്റെ (15,000 കോടി രൂപ) വിവാദ ഫണ്ട് രൂപീകരിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് യു.എസ് ഫെഡറൽ കോടതിയുടെ താൽക്കാലിക വിലക്ക്. വിർജീനിയ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോണി ബ്രിങ്കേമയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾ തടഞ്ഞ് ഉത്തരവിട്ടത്.

കേസിൽ കൂടുതൽ നിയമപരമായ വാദങ്ങൾ കേൾക്കുന്നതുവരെ ഫണ്ട് രൂപീകരണവുമായി ബന്ധപ്പെട്ട യാതൊരു നടപടികളുമായി മുന്നോട്ട് പോകരുതെന്ന് കോടതി നിർദ്ദേശിച്ചു. വിലക്ക് ഈ ജൂൺ 12 വരെ നിലനിൽക്കും. ട്രംപിന്റെ നികുതി രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര റവന്യൂ സർവീസിനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് നീതിന്യായ വകുപ്പ് കഴിഞ്ഞ ആഴ്ച 'ആന്റി-വെപ്പണൈസേഷൻ ഫണ്ട്' പ്രഖ്യാപിച്ചത്. 1.776 ബില്യൺ ഡോളറാണ് ഈ ഫണ്ടിനായി മാറ്റിവെച്ചിരിക്കുന്നത്.

ട്രംപും കൂട്ടാളികളും തങ്ങൾക്കെതിരെയുള്ള അന്വേഷണങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഫെയർ, ഭരണകൂട വേട്ടയാടൽ എന്നിവക്ക് ഇരയായവർക്ക് ധനസഹായം നൽകാനാണ് അഞ്ചംഗ കമ്മീഷന്റെ മേൽനോട്ടത്തിലുള്ള ഈ ഫണ്ട് ലക്ഷ്യമിടുന്നത്.

ട്രംപ്-വാൻസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികളായതിനാൽ തങ്ങൾക്ക് ഈ ഫണ്ടിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി 'ഡെമോക്രസി ഫോർവേഡ്' എന്ന സംഘടന നൽകിയ ഹരജിയിലാണ് കോടതിയുടെ താൽക്കാലിക ഉത്തരവ്. "ഇത് സുതാര്യതയുടെയും നിയമവാഴ്ചയുടെയും അമേരിക്കൻ ജനതയുടെയും വിജയമാണ്. പൊതുപണം ഒരു രാഷ്ട്രീയ പ്രതിഫല പരിപാടിയായി ചിലവഴിക്കാൻ ഒരു ഭരണകൂടത്തിനും അധികാരമില്ല," എന്ന് ഡെമോക്രസി ഫോർവേഡ് മേധാവി സ്കൈ പെരിമാൻ പറഞ്ഞു.

യു.എസ് കാപ്പിറ്റോൾ ആക്രമണക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്ത മുൻ നീതിന്യായ വകുപ്പ് അഭിഭാഷകനും, കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ കാലിഫോർണിയയിലെ പ്രൊഫസറും ഉൾപ്പെടെയുള്ളവരാണ് ഹരജി നൽകിയ സംഘത്തിലുള്ളത്.

ട്രംപിന്റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില ജനപ്രതിനിധികളിൽ നിന്ന് പോലും ഈ നീക്കത്തിനെതിരെ കടുത്ത അമർഷം ഉയർന്നിട്ടുണ്ട്. 2021 ജനുവരി ആറിന് കാപ്പിറ്റോൾ ഹിൽ ആക്രമിച്ചവർക്ക് നികുതിപ്പണം നൽകാനുള്ള നീക്കമാണിതെന്നാണ് പ്രധാന വിമർശനം. ട്രംപിന്റെ രാഷ്ട്രീയ കൂട്ടാളികളെ സഹായിക്കാനുള്ള ഒരു രഹസ്യ ഫണ്ടാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

എന്നാൽ ഫണ്ടിന്റെ നിയമസാധുതയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് നീതിന്യായ വകുപ്പ് വക്താവ് പ്രതികരിച്ചു. നഷ്ടപരിഹാരം നൽകുന്നതിന് രാഷ്ട്രീയ വിവേചനങ്ങളില്ലെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും വ്യക്തമാക്കി. "ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ശ്രമങ്ങളിൽ ജഡ്ജിമാരുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഇടപെടാൻ അനുവദിക്കില്ല," എന്നും നീതിന്യായ വകുപ്പ് വക്താവ് കൂട്ടിച്ചേർത്തു.

കോടതി അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനാണ് താൽക്കാലിക സ്റ്റേ എന്ന് ജഡ്ജി ബ്രിങ്കേമ വ്യക്തമാക്കി. മെയ് 18-ലെ പ്രഖ്യാപനത്തിന് ശേഷം 60 ദിവസത്തിനകം തുക ഫണ്ടിലേക്ക് മാറ്റാനായിരുന്നു നീതിന്യായ വകുപ്പിന്റെ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpUS Capitol AttackUS Department of Justice
News Summary - US judge temporarily blocks Trump's $1.8 billion 'weaponization' fund
Next Story