ഫലസ്തീൻ അനുകൂല പ്രക്ഷോഭകൻ മഹ്മൂദ് ഖലീലിനെ നാടുകടത്താമെന്ന് യു.എസ് ജഡ്ജി; കാരണം വിശ്വാസവും നിലപാടുകളും
text_fieldsവാഷിംങ്ടൺ: അമേരിക്കയിലെ കൊളംബിയ യൂനിവേഴ്‌സിറ്റി ബിരുദധാരിയും ഫലസ്തീൻ അനുകൂല പ്രതിഷേധ സംഘാടകനുമായ മഹ്മൂദ് ഖലീലിനെ അമേരിക്കയിൽ നിന്ന് നാടുകടത്താമെന്ന് വെള്ളിയാഴ്ച സെൻട്രൽ ലൂസിയാനയിലെ ഇമിഗ്രേഷൻ കോടതി ജഡ്ജി വിധിച്ചു. ഖലീലിന്റെ നിലവിലുള്ളതോ പ്രതീക്ഷിക്കുന്നതോ ആയ വിശ്വാസങ്ങൾ, പ്രസ്താവനകൾ, ബന്ധങ്ങൾ എന്നിവ വിദേശനയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രസ്താവിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നൽകിയ മെമ്മോ നിയമപരമായ സ്ഥിരതാമസക്കാരനെ അമേരിക്കയിൽനിന്ന് നീക്കം ചെയ്യാൻ മതിയായ തെളിവാണെന്ന് ജഡ്ജി വാദിച്ചു. എന്നാൽ, സർക്കാർ സമർപ്പിച്ച പ്രധാന തെളിവായ തീയതിയില്ലാത്ത മെമ്മോയിൽ കുറ്റകരമായ പെരുമാറ്റത്തിന്റെ ആരോപണങ്ങളോ തെളിവുകളോ ഒന്നുമില്ല.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വാദം കേൾക്കലിൽ, ഖലീലിന്റെ അഭിഭാഷകൻ അദ്ദേഹത്തെ നാടുകടത്തുന്നതിനെതിരെയും അദ്ദേഹത്തിനെതിരായ നടപടികൾ പൂർണമായും അവസാനിപ്പിക്കാനും ശ്രമിച്ചുകൊണ്ട് നിരവധി വാദങ്ങൾ ഉന്നയിച്ചു. ഖലീലിനെ പുറത്താക്കാനുള്ള വാദങ്ങൾ ആഭ്യന്തര സുരക്ഷാ വകുപ്പിലെ മൂന്ന് അഭിഭാഷകർ ചേർന്ന് അവതരിപ്പിച്ചു. തുടർന്ന് റൂബിയോയുടെ തീരുമാനം ‘മതിയായ തെളിവാണ്’ എന്നും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകളിൽ വിധി പറയാൻ തങ്ങൾക്ക് അധികാരമില്ലെന്നും ജഡ്ജി ജാമി കോമാൻസ് വിധിച്ചു. വിദേശനയത്തിന്റെ കാര്യങ്ങളിൽ ഒരു ഇമിഗ്രേഷൻ ജഡ്ജിക്കോ അറ്റോർണി ജനറലിനോ പോലും സ്റ്റേറ്റ് സെക്രട്ടറിയെ അസാധുവാക്കാൻ കഴിയില്ലെന്നും കോമാൻസ് സൂചിപ്പിച്ചു.
നടപടിക്രമങ്ങളിലുടനീളം മൗനം പാലിച്ച ഖലീൽ വിധിയെത്തുടർന്ന് കോടതിക്ക് മുമ്പാകെ സംസാരിക്കാൻ അനുമതി ചോദിച്ചു. ‘ഈ കോടതിക്ക് നടപടിക്രമ അവകാശങ്ങളെക്കാളും അടിസ്ഥാന നീതിയെക്കാളും പ്രധാനപ്പെട്ടതായി ഒന്നുമില്ല എന്ന് താങ്കൾ കഴിഞ്ഞ തവണ പറഞ്ഞത് ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’വെന്ന് ജഡ്ജിയോട് നേരിട്ട് പറഞ്ഞു. എന്നാൽ, ആ പറഞ്ഞ തത്വങ്ങൾ ഒന്നും ഇന്നിവിടെ നടന്ന പ്രക്രിയയിലോ ഈ കേസിൽ ഉടനീളമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ട്രംപ് ഭരണകൂടം എന്നെ ഈ കോടതിയിലേക്ക് അയച്ചത്’ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം കൊളംബിയ സർവകലാശാല കാമ്പസിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് 30കാരനായ ഖലീൽ നേതൃത്വം നൽകിയെന്നാരോപിച്ച് മാർച്ച് 8ന് ന്യൂയോർക്കിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ലൂസിയാനയിലെ ജെനയിലുള്ള തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അവിടെ അദ്ദേഹം ഒരു മാസത്തിലേറെയായി തടങ്കലിൽ കഴിയുകയാണ്. വിസയിലോ ഗ്രീൻ കാർഡുകളിലോ യു.എസിൽ ഉള്ള ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെയും ഗവേഷകരെയും ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ആരംഭിച്ച അറസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേതായിരുന്നു അദ്ദേഹത്തിന്റെ കേസ്.
ഈ വിധി പ്രകാരം ഖലീലിന്റെ നാടുകടത്തൽ നടപടികൾ ജെനയിൽ തുടരും. അതേസമയം, ന്യൂജേഴ്‌സിയിലെ ഫെഡറൽ കോടതിയിൽ പരിഗണിക്കപ്പെടുന്ന മറ്റൊരു കേസ്, അദ്ദേഹത്തിന്റെ തടങ്കലിന്റെ നിയമസാധുതയും യു.എസ് വിദേശനയത്തിന് വിരുദ്ധമാണെന്ന് കരുതുന്നവരെ നാടുകടത്താമെന്ന സർക്കാറിന്റെ അവകാശവാദങ്ങളുടെ ഭരണഘടനാ സാധുതയെയും ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളും പരിശോധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

