ട്രംപിന് തിരിച്ചടി; ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ കോടതി തടഞ്ഞു
text_fieldsസാൻഫ്രാൻസിസ്കോ: ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. കാലിഫോർണിയ ഫെഡറൽ ജഡ്ജി ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി തടഞ്ഞു. യു.എസ് പ്രതിരോധ വകുപ്പ് ഉൾപ്പടെ വിവിധ ഫെഡറൽ ഏജൻസികൾക്ക് കൂട്ടപിരിച്ചുവിടൽ നടത്താൻ അനുമതി നൽകി കൊണ്ടുള്ള ഉത്തരവാണ് തടഞ്ഞത്.
യു.എസ് ജില്ലാ ജഡ്ജി വില്ല്യം അൽസപ്പാണ് ഉത്തരവിറക്കിയത്. യു.എസ് ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റിന് ഫെഡറൽ ഏജൻസികളോട് ജീവനക്കാരെ പിരിച്ചുവിടാൻ നിർദേശിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രൊബേഷണറി ജീവനക്കാരേയും ഇത്തരത്തിൽ പിരിച്ചുവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അനിവാര്യമല്ലാത്ത പ്രൊബേഷണറി ജീവനക്കാരെ കണ്ടെത്തി അവരെ പിരിച്ചുവിടാൻ നിർദേശിക്കുന്ന ജനുവരി 20ലെ മെമ്മോയും ഫെബ്രുവരി 14ലെ ഇമെയിലും പിൻവലിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, 5400 പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാൻ നിർദേശം നൽകിയ പ്രതിരോധ വകുപ്പിനായി പ്രത്യേക ഉത്തരവ് കോടതി പുറത്തിറക്കിയിട്ടില്ല.
യു.എസിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് ഫെബ്രുവരി 15ന് തുടക്കമായിരുന്നു. 10,000 പേരെയാണ് പിരിച്ച് വിട്ടത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപദേശകൻ ഇലോൺ മസ്കും ചേർന്നാണ് വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടത്.
ഇന്റീരിയർ, ഊർജം, വെറ്ററൻ അഫയേഴ്സ്, കാർഷികം, ആരോഗ്യം, ഹ്യൂമൻ സർവീസ് എന്നി മേഖലകളിൽ നിന്നാണ് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടത്. പ്രൊബേഷണറി ജീവനക്കാരെയാണ് ആദ്യഘട്ടത്തിൽ പിരിച്ചുവിട്ടത്. അടുത്തഘട്ടത്തിലാവും മറ്റുള്ളവരുടെ പണി പോവുക.
പല ഏജൻസികളുടേയും പ്രവർത്തനം പൂർണമായും നിലക്കുന്ന അവസ്ഥയിലേക്ക് പിരിച്ചുവിടൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയിലെ ഭൂരിപക്ഷം നിശ്ചിത കരാർ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. ഭാവിയിൽ യു.എസിലെ കൂടുതൽ ഏജൻസികളിൽ നിന്ന് ഇത്തരത്തിൽ പിരിച്ചുവിടലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

