ഇറാഖിൽ തട്ടിക്കൊണ്ടുപോയ യു.എസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി
text_fieldsവാഷിങ്ടൺ: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ പ്രമുഖ അമേരിക്കൻ സ്വതന്ത്ര മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു. ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുല്ലയാണ് മാർച്ച് 31ന് ബാഗ്ദാദിലെ തെരുവിൽനിന്ന് ഷെല്ലി കിറ്റിൽസണെ തട്ടിക്കൊണ്ടുപോയത്. മാധ്യമപ്രവർത്തകയുടെ മോചനവാർത്ത യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് പുറത്തുവിട്ടത്. ഇവരെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിട്ടയച്ചതായി ഇറാഖി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. കിറ്റിൽസൺ ഉടൻതന്നെ രാജ്യം വിട്ടുപോകണമെന്ന നിബന്ധനയും ഇറാഖ് മുന്നോട്ടുവെച്ചു.
ലോകത്തിന്റെ ഏത് കോണിലായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷക്കായുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉറച്ച പ്രതിബദ്ധതയാണ് മോചനം പ്രതിഫലിപ്പിക്കുന്നതെന്ന് റൂബിയോ പറഞ്ഞു. മാർച്ച് 31ന് തിരക്കേറിയ റോഡിൽ ഷെല്ലി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ആയുധധാരികളായ സംഘം അവരെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സായുധ സംഘം മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ സുരക്ഷാ സേന ഇവരെ പിന്തുടരുന്നതിനിടെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളിൽ ഒന്ന് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്ന ഒരാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാമത്തെ വാഹനത്തിൽ മാധ്യമപ്രവർത്തകയുമായി സംഘം ബാഗ്ദാദിന്റെ തെക്കൻ മേഖലയിലേക്ക് കടന്നുകളയുകയായിരുന്നു.
ഇറാഖിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അവിടേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഷെല്ലി കിറ്റിൽസണ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി അൽ-മോണിറ്റർ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അനുകൂല മിലീഷ്യകൾ ആക്രമണം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് യു.എസ് എംബസി നേരത്തെയും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

