ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണം -യു.എസിലെ ജൂത സംഘടന
text_fieldsവാഷിങ്ടൺ ഡി.സി: ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് യു.എസിലെ ജൂത സംഘടനയായ ജെ.വി.പി (ജൂവിഷ് വോയിസ് ഫോർ പീസ്). ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഫലസ്തീനെതിരെ ഇസ്രായേൽ പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധക്കുറ്റങ്ങളെ അന്താരാഷ്ട്ര സമൂഹം നിശ്ശബ്ദമായി പിന്തുണച്ചതും യു.എസ് നൽകുന്ന ഉപാധിയില്ലാത്ത സൈനിക സഹായവുമാണ് സ്ഥിതിഗതികൾ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് -ജെ.വി.പി പ്രസ്താവനയിൽ പറഞ്ഞു.
ഇറാനെതിരെയുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പോലും ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തുന്നതും പട്ടിണിക്കിടുന്നതും തുടരുകയാണ് ഇസ്രായേൽ. യു.എസിന്‍റെ പിന്തുണയോടെയും സാമ്പത്തിക സഹായത്തോടെയുമാണിത്. ഇസ്രായേൽ വംശഹത്യ നടത്തുന്നതോടൊപ്പം പ്രാദേശിക യുദ്ധത്തിലേക്കും മേഖലയെ തള്ളിയിടുകയാണ്. ഇസ്രായേലിന് ആയുധം നൽകുന്നത് യു.എസ് അവസാനിപ്പിക്കണം -ജെ.വി.പി പറഞ്ഞു.
അതിനിടെ, ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെടിനിർത്തലിനുള്ള നയതന്ത്ര പരിശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി വെള്ളിയാഴ്ച ജനീവയിൽ ചർച്ച നടത്തും.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ഇറാൻ ആണവായുധം നേടുന്ന സാഹചര്യം ഉണ്ടാകരുതെന്ന കാര്യത്തിൽ അമേരിക്കക്കും ബ്രിട്ടനും യോജിപ്പെന്ന് ഡേവിഡ് ലാമി വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്താൻ ഡേവിഡ് ലാമി ജനീവയിലെത്തും.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യു.എസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്‍റെ നിലവിലെ സ്ഥിതിഗതികളാണ് ഇരു മന്ത്രിമാർ വിലയിരുത്തിയത്.
യുദ്ധം ഒഴിവാക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ചൈന അറിയിച്ചു. ഗൾഫ് രാഷ്ട്ര നേതാക്കളും വിവിധ രീതിയിലുള്ള ഇടപെടൽ ഇസ്രായേൽ-ഇറാൻ സംഘർക്ഷം പരിഹരിക്കാൻ നടത്തുന്നുണ്ട്. സംഘർഷ പശ്ചാത്തലത്തിൽ തെഹ്റാനിലെ എംബസിയുടെ പ്രവർത്തനം ആസ്ട്രേലിയ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

