Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘യു.എസ് പൗരൻമാർ അതീവ ജാഗ്രത പാലിക്കണം’; മുന്നറിയിപ്പുമായി ഗൾഫ് രാജ്യങ്ങളിലെ എംബസികൾ

text_fields
bookmark_border
us warning
cancel
camera_alt

പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കനക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. പശ്ചിമേഷ്യൻ മേഖലയിലുടനീളം യുദ്ധാന്തരീക്ഷം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ഇത് അമേരിക്കൻ താല്പര്യങ്ങൾക്കും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാകാമെന്നും ചൂണ്ടിക്കാണിച്ചാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പ്.

നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് 12 പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തങ്ങളുടെ പൗരന്മാർക്കാർക്കാണ് യു.എസ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജോർഡൻ, ഇറാഖ്, ലബനൻ, യമൻ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ യു.എസ് നയതന്ത്ര കാര്യാലയങ്ങളും ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മേഖലയിലെ വ്യോമപാതകൾ അടക്കാനും വിമാന സർവീസുകൾ പെട്ടെന്ന് റദ്ദാക്കപ്പെടാനും സാധ്യതയുള്ളതിനാൽ യാത്രാ പദ്ധതികളിൽ മാറ്റം വരുത്താൻ തയാറായിരിക്കണമെന്ന് അമേരിക്കൻ പൗരന്മാരോട് എംബസികൾ ആവശ്യപ്പെട്ടു. സംഘർഷങ്ങൾ മറ്റ് മേഖലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും, ഇറാനും ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളും വിദേശത്തുള്ള അമേരിക്കൻ സ്ഥാപനങ്ങളെയും ബിസിനസ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടേക്കുമെന്ന വിവരങ്ങളെ തുടർന്നാണ് ഈ നീക്കം.

വിമാന സർവീസുകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കരുതരുതെന്നും, യാത്രക്കാർ വിമാനത്താവളങ്ങളുമായും എയർലൈനുകളുമായും നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പാക്കണമെന്നും യു.എസ് എംബസികൾ ആവശ്യപ്പെട്ടു. ഇറാഖ്, ലബനാൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും വിവരങ്ങൾ ഔദ്യോഗിക കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ സന്ദേശങ്ങൾ ലഭിക്കുന്നതിനായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 'സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ' രജിസ്റ്റർ ചെയ്യാൻ യു.എസ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ പൊതുപ്രകടനങ്ങൾ, വൻ ജനക്കൂട്ടങ്ങൾ, പൊലീസ് സാന്നിധ്യമുള്ള മേഖലകൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും, ഫോണുകൾ എപ്പോഴും ചാർജ് ചെയ്തു സൂക്ഷിക്കാനും പൗരന്മാർക്ക് മുന്നറിയിപ്പുണ്ട്. ഇറാഖിലെയും ലബനനിലെയും യു.എസ് എംബസികൾ നിലവിൽ സാധാരണ സേവനങ്ങൾക്കായി തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും, സുരക്ഷാ ഭീഷണി കാരണം യമനിലെ പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നൽകാൻ കഴിയില്ലെന്ന് എംബസി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US issues security alerts across 12 Middle East nations including UAE, Saudi Arabia, ; warns citizens to prepare for flight disruptions
Next Story