ഇറാന്റെ നതൻസ് ആണവനിലയത്തിന് നേരെ അമേരിക്കൻ-ഇസ്രായേൽ ആക്രമണം
text_fieldsഇറാനിലെ നതൻസ് ആണവ സമ്പുഷ്ടീകരണ കേന്ദ്രം
തെഹ്റാൻ: ഇറാനിലെ അതീവ സുരക്ഷ മേഖലയായ നതൻസ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തി. ശനിയാഴ്ച പുലർച്ചയുണ്ടായ ആക്രമണത്തിൽ ആണവനിലയത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ സ്ഥിരീകരിച്ചു. എന്നാൽ ആശങ്കപ്പെട്ടതുപോലെ നിലയത്തിൽനിന്ന് റേഡിയോ ആക്ടീവ് പദാർഥങ്ങളുടെ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനവാസ മേഖലകൾ സുരക്ഷിതമാണെന്നും ഇറാൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തെക്കുറിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം ആണ് ആദ്യം റിപ്പോർട്ട് പുറത്തുവിട്ടത്. മധ്യ ഇറാനിലെ ശഹീദ് അഹ്മദി റോഷൻ കോംപ്ലക്സിലാണ് സ്ഫോടനമുണ്ടായത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇടപെടുകയും ഇറാൻ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. നിലവിൽ ആണവ അപകടസാധ്യതകളില്ലെന്ന് സ്ഥിരീകരിച്ച ഐ.എ.ഇ.എ മേധാവി റാഫേൽ ഗ്രസി, മേഖലയിൽ സൈനിക സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഇറാന്റെ ആണവ പദ്ധതികൾ തകർക്കുക എന്നതാണെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ ഇറാനുമേലുള്ള ആക്രമണത്തിന്റെ തീവ്രത വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് മുന്നറിയിപ്പ് നൽകി.
നതാൻസിലെ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖാറോവ പറഞ്ഞു. 2025 ജൂണിലെ 12 ദിവസം നീണ്ട യുദ്ധത്തിലും ഇതേ ആണവനിലയം ഇസ്രായേൽ ലക്ഷ്യമിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

