Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനുമായുള്ള യുദ്ധം യു.എസ് ഇടക്കാല തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ട്രംപ്

text_fields
bookmark_border
ഇറാനുമായുള്ള യുദ്ധം യു.എസ് ഇടക്കാല തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ട്രംപ്
cancel

വാഷിങ്ടൺ/ന്യൂഡൽഹി: നവംബറിൽ നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇറാനുമായുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡബ്ലിനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

"വളരെ പെട്ടെന്ന് തന്നെ, ഒരുപക്ഷെ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇത് അവസാനിക്കുമെന്നാണ് ഞാൻ കരുതുന്നത്. തെരഞ്ഞെടുപ്പ് സങ്കീർണ്ണമാക്കാൻ അവർ പരമാവധി പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജനങ്ങൾക്ക് അതെല്ലാം മനസ്സിലാകുന്നുണ്ട്. യുദ്ധം അവസാനിക്കുന്നതോടെ എണ്ണവില താഴേക്ക് വരും" -ട്രംപ് പറഞ്ഞു. യമനിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തരുതെന്ന് ഹൂതി വിമതർ അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ട്രംപ് സ്ഥിരീകരിച്ചു.

അതേസമയം, പശ്ചിമേഷ്യക്ക് ഒരു "പ്രാദേശിക പൊലീസുകാരനായി" അമേരിക്കയെ ആവശ്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മേഖലയിലെ പ്രധാന രാജ്യങ്ങൾക്കും പങ്കാളികൾക്കും മാത്രമേ ഇവിടുത്തെ സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാൻ കഴിയൂ. തങ്ങളുടെ ജനത നിരവധി അനീതികൾ നേരിട്ടിട്ടും യുദ്ധം തുടരാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് തങ്ങളുടെ മുൻഗണനയെന്നും പെസഷ്കിയാൻ പറഞ്ഞു.

ഇതിനിടെ, തിങ്കളാഴ്ച ഒമാനിൽ ഇറാന്റെ സാന്നിധ്യത്തിൽ നടക്കുന്ന മന്ത്രിതല കൂടിയാലോചനാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യയുടെ പ്രമുഖ എണ്ണ പൈപ്പ് ലൈനിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇറാനുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്താൻ തയ്യാറാണെന്ന് ഇറാഖ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം കടുത്തത്. ഇതിന് മറുപടിയായി മേഖലയിൽ ആക്രമണം ശക്തമാക്കിയ ഇറാൻ, ലോകത്തെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് ഉപരോധിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത പോരാട്ടമാണ് നിലവിൽ നടക്കുന്നത്.

ഉപരോധം ആറുമാസം പിന്നിട്ടതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നിരുന്നു. ജൂണിൽ ഉണ്ടാക്കിയ സമാധാന ധാരണകൾ തകർന്നതോടെ തുടർചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സംഘർഷം ലഘൂകരിക്കുന്നതിനുള്ള വ്യക്തമായ മാർഗങ്ങളൊന്നും അമേരിക്കയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US-Iran War Likely to End After Midterm Elections, Claims Donald Trump
Next Story