കരാറൊപ്പിട്ട് അമേരിക്കയും ഇറാനും; ഹുർമുസിൽ ഇപ്പോഴും ‘ഭയത്തിന്റെ നിഴൽ’, കാത്തുകിടക്കുന്നത് 550 കപ്പലുകൾ
text_fieldsവാഷിങ്ടൺ/തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ ഹുർമുസ് കടലിടുക്ക് വീണ്ടും തുറന്നതായി പ്രഖ്യാപനം വന്നിരിക്കുകയാണ്.
ആഗോള ഊർജ പ്രതിസന്ധിക്ക് കാരണമായ യുദ്ധത്തിന് അറുതി വരുത്തിയ ഈ നീക്കത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. എങ്കിലും, കപ്പൽ കമ്പനികളും ഇൻഷുറൻസ് ഏജൻസികളും ഇപ്പോഴും കടുത്ത ആശങ്കയിലാണ്.
യുദ്ധത്തിന് മുമ്പ് ദിവസേന 120-140 കപ്പലുകൾ വരെ കടന്നുപോയിരുന്ന ഈ പാതയിൽ, കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതം കാര്യമായി വർധിച്ചിട്ടില്ല. മറൈൻ ട്രാഫിക് റിപ്പോർട്ടുകൾ പ്രകാരം, കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി 550ഓളം കപ്പലുകൾ ഇപ്പോഴും കാത്തുകിടക്കുകയാണ്.
കരാറിന് ശേഷമുള്ള ദിവസങ്ങളിൽ വളരെ കുറച്ച് കപ്പലുകൾ മാത്രമാണ് കടലിടുക്ക് വഴി യാത്ര ചെയ്തത്. ഇറാനിയൻ എണ്ണ കയറ്റുമതി ചെയ്യുന്ന ചില കപ്പലുകൾ മാത്രമാണ് ഇപ്പോൾ ഗതാഗതത്തിന് തുനിഞ്ഞത്.
കപ്പൽ ഉടമകൾ പ്രധാനമായും നാല് കാര്യങ്ങളിലാണ് ആശങ്ക പ്രകടിപ്പിക്കുന്നത്.
കടലിടുക്കിൽ മൈനുകൾ: യുദ്ധകാലത്ത് ഇറാൻ കടലിടുക്കിൽ മൈനുകൾ നിക്ഷേപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കപ്പലുകൾക്ക് വലിയ ഭീഷണിയാണ്. ഒരു സുരക്ഷിത പാത ഉറപ്പാക്കാൻ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മൈനുകൾ ഉണ്ടെന്ന സംശയം മാത്രം മതി ഇൻഷുറൻസ് കമ്പനികൾ കപ്പലുകൾക്ക് കവറേജ് നിഷേധിക്കാൻ.
ഉയർന്ന ഇൻഷുറൻസ് നിരക്ക്: യുദ്ധം തുടങ്ങിയതോടെ കപ്പലുകളുടെ ‘വാർ റിസ്ക് പ്രീമിയം’ വൻതോതിൽ വർധിച്ചിരുന്നു. യുദ്ധത്തിന് മുമ്പ് 0.25 ശതമാനമായിരുന്ന പ്രീമിയം, യുദ്ധസമയത്ത് അഞ്ച് ശതമാനം വരെ എത്തിയിരുന്നു. ഇപ്പോൾ അത് ഒന്ന് മുതൽ മൂന്ന് ശതമാനം വരെയായി കുറഞ്ഞെങ്കിലും, യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് ഇനിയും എത്തിയിട്ടില്ല. ദീർഘകാലത്തേക്ക് സുരക്ഷാ സ്ഥിരത ഉറപ്പാകാതെ ഇൻഷുറൻസ് നിരക്കുകൾ കുറയില്ല.
ടോൾ പിരിവ് സംബന്ധിച്ച തർക്കം: ഹോുമുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ ടോൾ ഏർപ്പെടുത്താൻ കഴിയില്ലെന്നും അന്താരാഷ്ട്ര നിയമം പറയുന്നു. എന്നാൽ, കടലിടുക്കിലെ സുരക്ഷാ ഏകോപനത്തിനുള്ള ഫീസ് എന്ന പേരിൽ ടോൾ പിരിക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ട്. ഇതിനെ അമേരിക്കയും ജി.സി.സി രാജ്യങ്ങളും എതിർക്കുന്നുണ്ടെങ്കിലും ഇറാൻ ഇത് വിട്ടുവീഴ്ച ചെയ്യാൻ സാധ്യത കുറവാണ്.
സുരക്ഷാ ആശങ്കകൾ: മേഖലയിൽ മിസൈലുകളുടെയും ഡ്രോണുകളുടെയും ഉപയോഗം വലിയ ഭീഷണി ഉയർത്തുന്നു. കഴിഞ്ഞയാഴ്ച അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ നാവികർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത് ഈ പാതയിലെ സുരക്ഷാ ഇല്ലായ്മ വ്യക്തമാക്കുന്നു. സമാധാന കരാർ ഉണ്ടെങ്കിലും, ഏത് നിമിഷവും സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന ഭയം കപ്പൽ ജീവനക്കാർക്കുണ്ട്.
ഹുർമൂസ് മേഖലയിലെ അപകടസാധ്യത ‘മൈനുകൾ താഴെയും മിസൈലുകൾ മുകളിലും’ എന്ന രീതിയിലുള്ള സങ്കീർണമായ ഒരു സുരക്ഷാ അന്തരീക്ഷത്തിലേക്ക് മാറിയിരിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
ഒരു പക്ഷേ, നാല് മാസത്തോളം യാതൊരുവിധ അക്രമങ്ങളും സംഭവിക്കാത്ത ഒരു സുസ്ഥിര കാലയളവ് കടന്നുപോയാൽ മാത്രമേ കപ്പൽ ഉടമകൾക്ക് പൂർണമായി ധൈര്യം വരികയുള്ളൂ. രാഷ്ട്രീയമായി കരാർ ഒപ്പുവെച്ചെങ്കിലും, കപ്പലുകളുടെ സുരക്ഷയുടെ കാര്യത്തിൽ ഇനിയും വലിയ കടമ്പകൾ ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

