പശ്ചിമേഷ്യയിൽ യുദ്ധവിരാമം?
text_fieldsതെഹ്റാൻ/ വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധ വിരാമത്തിന് ഒടുവിൽ വഴിതെളിയുന്നു. രണ്ട് ദിവസത്തെ രൂക്ഷമായ ആക്രമണ-പ്രത്യാക്രമണങ്ങൾക്കുശേഷം സമാധാന കരാറിന് ധാരണയായതായി യു.എസും ഇറാനും അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഇറാനിൽ ശക്തമായ ആക്രമണം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ, സമാധാന കരാറിലേക്ക് അടുക്കുന്നതിനാൽ, ആക്രമണം നിർത്തിവെക്കുന്നതായി അവസാന നിമിഷം ട്രംപ് അറിയിച്ചു.
കരാറിന്റെ വലിയൊരു ഭാഗം സംബന്ധിച്ച് അവസാനവട്ട ധാരണയായെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചതോടെയാണ് 105 ദിവസം പിന്നിട്ട യുദ്ധം അവസാനിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞത്. ഇതോടെ, ആഗോള വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു.
പ്രാഥമിക കരാർ തിങ്കളാഴ്ചയോടെ യാഥാർഥ്യമാകുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ 60 ദിവസത്തെ സമ്പൂർണ വെടിനിർത്തലാണുണ്ടാവുക. ഈ ദിവസങ്ങളിൽ അന്തിമ കരാറിന് രൂപം നൽകും.
ഏപ്രിൽ എട്ടിന് ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നു. വെടിനിർത്തലിന്റെ ഭാഗമായി, ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന ഇറാന്റെ വ്യവസ്ഥ ഇസ്രായേൽ തുടർച്ചയായി ലംഘിച്ചതാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ പ്രധാന കാരണം. പുതിയ കരാറിൽ ലബനാനിലെ വെടിനിർത്തൽ ഉറപ്പാക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ഇസ്രായേലും അനുകൂലമായിട്ടാണ് യു.എസിനോട് പ്രതികരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനൽകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ യു.എസ് വിട്ടുനൽകാനും ധാരണയായിട്ടുണ്ട്. മറുവശത്ത്, ഇറാന്റെ ആണവോർജ സമ്പുഷ്ടീകരണ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള യു.എസ്-ഇസ്രായേൽ നീക്കം പുതിയ കരാറോടെ ഭാഗികമായെങ്കിലും നടപ്പായേക്കും. ഇക്കാര്യത്തിൽ ഇറാൻ വഴങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
കരാർ യാഥാർഥ്യമാകുന്നതോടെ ഹുർമുസിലെ നിയന്ത്രണങ്ങൾ ഇറാൻ നീക്കും.
ഇതോടെ, ആഗോള എണ്ണ പ്രതിസന്ധിക്ക് പരിഹാരമാകും. സമാധാന കരാർ ഗൾഫ് രാജ്യങ്ങൾക്കും ആശ്വാസമാകും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇറാന്റെ പ്രത്യാക്രമണങ്ങൾ മുഴുവനും ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യു.എസ് നിലയങ്ങൾക്കുനേരെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

