ഇറാഖിൽ സൈനികൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം ശക്തമാക്കി അമേരിക്ക; തിരിച്ചടി കനപ്പിച്ച് ഇറാനും
text_fieldsവാഷിങ്‌ടൺ/തെഹ്‌റാൻ: ഇറാഖിൽ യു.എസ് സൈനികൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം. തുടർച്ചയായ ഒമ്പതാം രാത്രിയിലാണ് യു.എസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് ഇറാനിൽ ബോംബ വർഷം നടത്തിയത്. വടക്കൻ ഇറാഖിൽ ഇറാൻ വിക്ഷേപിച്ച ഡ്രോൺ തകർന്നുണ്ടായ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടത്
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി നടന്ന ആക്രമണങ്ങളിൽ ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ തകർത്തതായി യു.എസ് അവകാശപ്പെടുമ്പോൾ, തങ്ങൾ തിരിച്ചടിച്ചതായും യു.എസ് വിമാനങ്ങളും സൈനിക താവളങ്ങളും തകർത്തതായും ഇറാൻ വ്യക്തമാക്കി. ഇതോടെ മേഖലയിൽ പൂർണ തോതിലുള്ള യുദ്ധ സാഹചര്യം നിലനിൽക്കുകയാണ്.
ഒമ്പതാം ഘട്ട ആക്രമണം പൂർത്തിയായതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് യു.എസ് വാദം. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ഏതൊക്കെ നഗരങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യു.എസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, തെക്കൻ ഹുർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തകർന്നതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് കപ്പലുകൾ ഈ മേഖലയിലൂടെ സഞ്ചരിച്ചതെന്നും, യു.എസ് സൈനിക നടപടി തുടരുന്നിടത്തോളം ഈ വഴിയിലൂടെയുള്ള ഇന്ധന-രാസവള കടത്ത് സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ, പടിഞ്ഞാറൻ ഇറാന്റെ ആകാശത്ത് വെച്ച് അമേരിക്കയുടെ അത്യാധുനിക എം.ക്യു-9 ഡ്രോൺ ഇറാൻ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു.
ജോർഡനിലും ബഹ്‌റൈനിലും ഭീതി; ഇറാന്റെ മിസൈലാക്രമണം
അമേരിക്കൻ ആക്രമണത്തിന് മറുപടിയായി അയൽരാജ്യങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി.
ജോർഡൻ: അഖാബ വിമാനത്താവളത്തിലിരുന്ന യു.എസിന്റെ സി-17 ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും പി-8 വിമാനങ്ങൾക്കും നേരെ ഇറാൻ മിസൈലുകൾ വർഷിച്ചു. ആക്രമണത്തിൽ വിമാനങ്ങൾക്ക് കടുത്ത നാശനഷ്ടമുണ്ടായതായും, അസ്രഖിലെ മുവഫാഖ് സാൽതി വ്യോമതാവളത്തിൽ അമേരിക്കൻ സൈനികർ താമസിച്ചിരുന്ന 20 ഹാങ്ങറുകൾ പൂർണമായും തകർത്തതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു.
ബഹ്‌റൈൻ: ബഹ്‌റൈനിലെ യു.എസ് എംബസി തലസ്ഥാനമായ മനാമയിലെ അമേരിക്കൻ പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഇറാൻ ഏതുസമയത്തും ആക്രമണം നടത്തിയേക്കാമെന്നും സൈറണുകൾ മുഴങ്ങിയാൽ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.
ഒമാൻ തീരത്ത് കപ്പലിന് തീപിടിച്ചു: ഒമാൻ തീരത്തെ കുംസാറിന് സമീപം ഒരു കപ്പലിന് തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം ഏജൻസി അറിയിച്ചു. ഇത് ഇറാന്റെ ആക്രമണം മൂലമാണോ എന്ന് വ്യക്തമല്ല.
കുവൈത്തിൽ ഇറാൻ ആക്രമണം തുടരുന്നു: കുവൈത്തിൽ ഇറാൻ ആക്രമണം തുടരുന്നു. ഇന്ന് രാവിലെ വീണ്ടും ആക്രമണം ഉണ്ടായി.അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളുംപ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർഥിച്ചു.ഒരാഴയായി കുവൈത്തിനു നേരെ തുടർച്ചയായ ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജല വൈദ്യുതി പ്ലാന്റിനും എണ്ണ ഉൽപാദന കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്കു പരിക്കും
വലിയ നാശനഷ്ടങ്ങളും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

