ഇറാന്റെ പക്കൽ ഇപ്പോഴും ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ; വെടിനിർത്തൽ കാലയളവിൽ കരുത്താർജ്ജിക്കുമെന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇസ്രായേലുമായുള്ള യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ടിട്ടും ഇറാന്റെ പക്കൽ ഇപ്പോഴും ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഭൂഗർഭ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന മിസൈൽ ലോഞ്ചറുകൾ വീണ്ടെടുക്കുന്നതിലൂടെ ഇറാന് വീണ്ടും ആക്രമണം നടത്താൻ കഴിയുമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
ഇറാന്റെ മിസൈൽ ലോഞ്ചറുകളിൽ പകുതിയോളം തകർക്കപ്പെടുകയോ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയോ ആണെങ്കിലും ഭൂഗർഭ നിലയങ്ങളിൽ നിന്ന് ഇവ വേഗത്തിൽ വീണ്ടെടുക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന മിസൈൽ ശേഖരത്തിന്റെ പകുതിയോളം ഇറാന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് യു.എസ് - ഇസ്രായേൽ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. എങ്കിലും ഹ്രസ്വദൂര-ഇടത്തരം ദൂര പരിധിയുള്ള ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്.
നിലവിലെ വെടിനിർത്തൽ കാലയളവ് മിസൈൽ ശേഖരം പുനർനിർമ്മിക്കാനും കേട്പാട് പറ്റിയവ നന്നാക്കി എടുക്കുന്നതിനും വേണ്ടി ഇറാൻ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ ആശങ്കയുണ്ട്. ഒളിത്താവളങ്ങളിൽ നിന്നും ഭൂഗർഭ കേന്ദ്രങ്ങളിൽ നിന്നും ഈ മിസൈലുകൾ പുറത്തെടുത്ത് ഏതുസമയത്തും സജ്ജമാക്കാൻ ഇറാന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാകിസ്താൻ മധ്യസ്ഥതയിൽ നടക്കുന്ന നിർണ്ണായക വെടിനിർത്തൽ ചർച്ചയിൽ പങ്കെടുക്കാനായി ഇറാനിലെയും അമേരിക്കയിലെയും പ്രതിനിധികൾ ഇസ്ലാമാബാദിൽ എത്തിച്ചേർന്നിട്ടുണ്ട്. ലബനാനിൽ പൂർണമായ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇസ്രായേൽ ആക്രമണങ്ങളിൽനിന്ന് പിന്മാറണമെന്നുമാണ് ഇറാന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതോടൊപ്പം യു.എസ് ഉപരോധം കാരണം വിദേശ ബാങ്കുകളിൽ തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്‍റെ പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആസ്തികൾ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

