യു.എസ്- ഇന്ത്യ വ്യാപാര ചർച്ച ചൊവ്വാഴ്ച മുതൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾക്കായി യു.എസ് ഡെപ്യൂട്ടി വ്യാപാര പ്രതിനിധി റിക് സ്വിറ്റ്സർ ഇന്ത്യയിലെത്തുന്നു. ചൊവ്വാഴ്ച രാജ്യത്തെത്തുന്ന അദ്ദേഹം ഇന്ത്യൻ പ്രതിനിധി രാജേഷ് അഗർവാളുമായി ചർച്ച നടത്തും. ഈ മാസം 11 വരെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളിൽ വ്യാപാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഗണിക്കപ്പെടും. അനുബന്ധമായി വ്യാപാര കരാർ ചർച്ചകളിലെ മുഖ്യ യു.എസ് കൂടിയാലോചകനായ ബ്രൻഡൻ ലിഞ്ച് ഇന്ത്യൻ വാണിജ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ദർപൺ ജെയിനിനെയും കാണുന്നുണ്ട്.
ഇന്ത്യൻ ഉൽപന്നങ്ങളുടെ യു.എസ് ഇറക്കുമതിക്ക് 25 ശതമാനം തീരുവയും 25 ശതമാനം അധിക പിഴയും ചുമത്തിയശേഷം യു.എസ് പ്രതിനിധികളുടെ രണ്ടാം സന്ദർശനമാണിത്. സെപ്റ്റംബർ 16നാണ് അവസാനമായി യു.എസ് സംഘം ഇന്ത്യയിലെത്തിയത്. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം യു.എസ് സന്ദർശനവും നടത്തിയിരുന്നു.
ഉഭയകക്ഷി വ്യാപാര കരാറിന് സമയമെടുക്കുമെക്കുമെങ്കിലും തീരുവ വിഷയത്തിൽ നിരന്തര ചർച്ചകൾ തുടരുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയ തീരുവ പരിഹരിക്കാൻ വ്യാപാര കരാർ ചട്ടക്കൂടിനൊപ്പം യു.എസുമായി സമഗ്ര വ്യാപാര കരാറിനായും ചർച്ചൾ നടക്കുന്നുണ്ട്. ആറുവട്ട ചർച്ചകൾ ഇതുവരെയായി പൂർത്തിയായി. തുടർച്ചയായ നാലാം വർഷവും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് യു.എസ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും യു.എസിലേക്കാണ്. 2024-25 സാമ്പത്തിക വർഷം 13,184 കോടി ഡോളറിന്റെയായിരുന്നു കയറ്റുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

