വാഷിങ്ടൺ: റിപബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ അറിയിച്ച് യു.എസ്. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപിടിക്കാനുള്ള പങ്കാളിത്ത ഉത്തരവാദിത്വത്തിൽ വേരൂന്നിയതാണ് ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പസ്കി പറഞ്ഞു. 72ാം റിപബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ അറിയിക്കുകയാണെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷം ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തവും ദൃഢവുമായെന്ന് യു.എസ് പ്രസിഡൻറ് ബൈഡൻ പറഞ്ഞതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഈ ബന്ധം ലോകത്തിന് തന്നെ ഗുണകരമാവുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
യു.എസിെൻറ സൗത്ത് സെൻട്രൽ ഏഷ്യ ബ്യൂറോ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറും ട്വിറ്ററിലൂടെ ഇന്ത്യക്ക് റിപബ്ലിക് ദിനാശംസകൾ നേർന്നു. യു.എസ് കോൺഗ്രസ് അംഗം എറിക് സ്വാൽവെല്ലും ഇന്ത്യക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തി. റിപബ്ലിക് ദിനത്തോടെ അനുബന്ധിച്ച് യു.എസിലെ ഇന്ത്യൻ എംബസിയും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.