75 രാജ്യങ്ങൾക്ക് വിസ വിലക്കേർപ്പെടുത്തി യു.എസ്
text_fieldsവാഷിങ്ടൺ: കുടിയേറ്റ വിരുദ്ധ നടപടി ശക്തമാക്കുന്നതിെന്റ ഭാഗമായി റഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുടെ വിസ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക.
ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ അപേക്ഷകൾ നിരസിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് എംബസികൾക്ക് നിർദേശം നൽകി. സോമാലിയ, അഫ്ഗാനിസ്താൻ, ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്ത്, നൈജീരിയ, തായ്‍ലൻഡ്, യമൻ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. ജനുവരി 21ന് നിലവിൽവരുന്ന വിസ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരും.
ഗ്രീൻലൻഡ്: വൈറ്റ്ഹൗസിൽ ചർച്ച
വാഷിങ്ടൺ: ദ്വീപിന്റെ കൈമാറ്റത്തിൽ കുറഞ്ഞൊന്നും തനിക്ക് സമ്മതമല്ലെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ഗ്രീൻലൻഡ് വിഷയം ചർച്ച ചെയ്യാൻ വൈറ്റ്ഹൗസിൽ ഉന്നതതല ചർച്ച. ഡെന്മാർക്ക്, ഗ്രീൻലൻഡ് വിദേശകാര്യ മന്ത്രിമാർക്ക് പുറമെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ ഡെന്മാർക്ക്, ഗ്രീൻലൻഡ് പ്രതിനിധികൾ യു.എസ് സാമാജികരെ കണ്ടും അഭിപ്രായം സ്വരൂപിക്കും.
ലോകത്തെ ഏറ്റവും വലിയ ദ്വീപ് തനിക്ക് വേണമെന്നും ലളിതമായോ കടുത്ത മാർഗത്തിലോ അത് ഏറ്റെടുത്തിരിക്കുമെന്നും ചർച്ചകൾക്ക് മുന്നോടിയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ദ്വീപിന്റെ കൈമാറ്റത്തിന് നാറ്റോ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെനിസ്വേലയുടെ എണ്ണക്കായി പ്രസിഡന്റ് മദൂറോയെ പിടികൂടുകയും എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്ത ട്രംപ് ഗ്രീൻലൻഡിലും സമാന നടപടി സ്വീകരിക്കുമെന്ന ആശങ്ക ലോകത്തിനുണ്ട്.
ഡെന്മാർക്കിനു കീഴിൽ സ്വയംഭരണാവകാശമുള്ള ദ്വീപാണ് ഗ്രീൻലൻഡ്. അധികാരമുപയോഗിച്ച് ദ്വീപ് യു.എസ് പിടിച്ചെടുത്താൽ നാറ്റോ സഖ്യത്തിന്റെ അവസാനമാകുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, യു.എസ് സ്വന്തമാക്കിയില്ലെങ്കിൽ ഗ്രീൻലൻഡിന്റെ നിയന്ത്രണം റഷ്യയോ ചൈനയോ പിടിച്ചടക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
യു.എസ് ഭീഷണി കണക്കിലെടുത്ത് അറ്റ്ലാന്റിക്-ആർടിക് സമുദ്രങ്ങളിലായി സ്ഥിതിചെയ്യുന്ന ദ്വീപിന് ചുറ്റും സൈനിക സാന്നിധ്യം ശക്തമാക്കാൻ യു.കെ, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നീക്കം ആരംഭിച്ചിട്ടുണ്ട്. ഗ്രീൻലൻഡിൽ അടുത്ത മാസം കോൺസുലേറ്റ് തുടങ്ങുമെന്ന് ഫ്രാൻസ് അറിയിച്ചു.
കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന പുതിയ കാലത്ത് ഏഷ്യയിലേക്ക് ഹ്രസ്വദൂര വ്യാപാര മാർഗം തുറക്കുമെന്ന് കണ്ടാണ് യു.എസ് ഗ്രീൻലൻഡിൽ പ്രധാനമായി കണ്ണുവെക്കുന്നത്. ദ്വീപിലെ അപൂർവ ധാതുക്കളും ട്രംപിനെ കൊതിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

