ഫ്രീഡം ഫ്ലോട്ടില്ല സംഘാടകർക്ക് മേൽ യു.എസ് ഉപരോധം; അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാൻ സാധ്യത
text_fieldsവാഷിങ്ടൺ: ഇസ്രായേൽ ഉപരോധം ലംഘിച്ച് ഗസ്സയിലേക്ക് സഹായങ്ങളുമായി നീങ്ങുന്ന ‘ഫ്രീഡം ഫ്ലോട്ടില്ല’ കപ്പൽവ്യൂഹത്തിന്റെ സംഘാടകരായ ഫലസ്തീൻ അനുകൂല മനുഷ്യാവകാശ പ്രവർത്തകർക്ക് മേൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഒക്ടോബറിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന ‘വെടിനിർത്തലിന്’ ശേഷവും ഗസ്സയിലെ ജനങ്ങൾ കടുത്ത ഭക്ഷ്യ-മരുന്ന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര പ്രവർത്തകർ കപ്പൽ മാർഗ്ഗം ഗസ്സയിലേക്ക് നീങ്ങുന്നത്. എന്നാൽ ഈ നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ളതാണെന്ന് യു.എസ് ട്രഷറി വകുപ്പ് ആരോപിച്ചു.
ഹമാസിന്റെ ആഗോള സാമ്പത്തിക ശൃംഖലകളെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് അമേരിക്കയുടെ വാദം. പോപ്പുലർ കോൺഫറൻസ് ഫോർ ഫലസ്തീനിയൻസ് അബ്രോഡ്, ഫലസ്തീൻ തടവുകാരുടെ കൂട്ടായ്മയായ 'സാമിദൂൻ' എന്നിവയിലെ ഭാരവാഹികളായ നാല് പ്രമുഖ പ്രവർത്തകർക്കെതിരെയാണ് ചൊവ്വാഴ്ച യു.എസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. ജോർദാൻ, സ്പെയിൻ, ബെൽജിയം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഹമ്മദ് ഖത്തീബ്, ജാൽഡിയ അബൂബക്ര, സൈഫ് അബു കെശെക്, ഹിശാം അബു മഹ്ഫൂസ് എന്നിവരാണ് ഉപരോധത്തിലായത്.
"ഭീകരവാദത്തെ പിന്തുണക്കുന്ന കപ്പൽവ്യൂഹങ്ങൾ ഗസ്സയിലെത്തിക്കാനുള്ള ശ്രമം മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ പ്രസിഡന്റ് ട്രംപ് കൈവരിച്ച വിജയകരമായ മുന്നേറ്റങ്ങളെ തുരങ്കം വെക്കാനുള്ള പരിഹാസ്യമായ ശ്രമമാണ്. ലോകത്തെവിടെയായാലും ഹമാസിന്റെ ആഗോള സാമ്പത്തിക ശൃംഖലകളെ തകർക്കാൻ ട്രംപ് ഭരണകൂടം ശക്തമായ നടപടികളുമായി മുന്നോട്ട് പോകും."യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പറഞ്ഞു.
എന്നാൽ തങ്ങൾക്കെതിരെയുള്ള യു.എസ് നടപടി തികച്ചും അടിസ്ഥാനരഹിതമാണെന്ന് കപ്പൽവ്യൂഹത്തിന്റെ മുഖ്യ സംഘാടകയും ഫലസ്തീനിയൻ-അമേരിക്കൻ ആക്ടിവിസ്റ്റുമായ ഹുവൈദ അറാഫ് പ്രതികരിച്ചു. തങ്ങളുടെ കപ്പലുകൾക്ക് ഹമാസുമായി യാതൊരു ബന്ധവുമില്ലെന്നും ഫലസ്തീൻ ഐക്യദാർഢ്യ ശ്രമങ്ങളെ തകർക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു ഗൂഢശ്രമമാണിതെന്നും അവർ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് ഉൾപ്പെടെ നൂറുകണക്കിന് അന്താരാഷ്ട്ര പ്രവർത്തകരെയാണ് കപ്പൽവ്യൂഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇസ്രായേൽ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പുതിയ യു.എസ് ഉപരോധ പ്രകാരം ഈ പ്രവർത്തകരുടെ അമേരിക്കയിലുള്ള സ്വത്തുക്കൾ മരവിപ്പിക്കുകയും അമേരിക്കക്കാർ ഇവരുമായി ഇടപാടുകൾ നടത്തുന്നത് വിലക്കുകയും ചെയ്യും. അന്താരാഷ്ട്ര ബാങ്കുകൾ ഈ പ്രവർത്തകരുടെ അക്കൗണ്ടുകൾ റദ്ദാക്കാൻ ഈ നടപടി ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.
തന്റെ രണ്ടാം ഭരണകാലാവധി ആരംഭിച്ചതിന് ശേഷം ഫലസ്തീൻ അനുകൂലികൾക്കെതിരെ കടുത്ത നിലപാടുകളാണ് ട്രംപ് സ്വീകരിക്കുന്നത്. ഇസ്രായേൽ ഉദ്യോഗസ്ഥർക്കെതിരെ യുദ്ധക്കുറ്റത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി ജഡ്ജിമാർക്കെതിരെയും, ഫലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത യു.എൻ പ്രതിനിധി ഫ്രാൻസെസ്ക അൽബനീസിനെതിരെയും ട്രംപ് ഭരണകൂടം മുൻപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതേ സമയം തന്നെ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഇസ്രായേലി കുടിയേറ്റക്കാർക്കെതിരെയുള്ള യു.എസ് ഉപരോധങ്ങൾ ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെ പിൻവലിച്ചതും വലിയ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

