വ്യാപാര ചർച്ചകൾ പരാജയം; കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തി അമേരിക്ക, തിരിച്ചടിക്കുമെന്ന് കാനഡ
text_fieldsവാഷിങ്ടൺ: വാഷിങ്ടണിൽ വെച്ച് നടന്ന മൂന്ന് ദിവസത്തെ വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കാനഡയിൽ നിന്നുള്ള 2000 കോടി ഡോളർ വരുന്ന ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തി അമേരിക്ക. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച സമയപരിധിക്കുള്ളിൽ ഇരു രാജ്യങ്ങൾക്കും ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെയാണ് നടപടി. എന്നാൽ യു.എസിന്റെ താരിഫ് നടപടിക്കെതിരെ കനത്ത തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
അമേരിക്കയുടെ ഈ ഏകപക്ഷീയമായ നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയത്. അമേരിക്കൻ തീരുവക്ക് അനുസൃതമായി കാനഡയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അതേ അളവിൽ ‘ഡോളറിന് ഡോളർ’ എന്ന കണക്കിൽ തീരുവ ചുമത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചതായും കനേഡിയൻ സംഘത്തെ ഒട്ടാവയിലേക്ക് തിരിച്ചുവിളിച്ചതായും അദ്ദേഹം അറിയിച്ചു. കനേഡിയൻ തൊഴിലാളികളെയും ബിസിനസ്സുകളെയും ഈ വ്യാപാര യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പിന്തുണ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ചർച്ചകൾ പരാജയപ്പെടാൻ കാരണം കാനഡയാണെന്ന് യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ ആരോപിച്ചു. കരാർ അന്തിമമാക്കുന്നതിൽ നിന്ന് കാനഡ അവസാന നിമിഷം പിൻവാങ്ങുകയായിരുന്നുവെന്നും അമേരിക്കയുമായി മികച്ച രീതിയിലുള്ള പങ്കാളിത്തമുണ്ടാക്കാനുള്ള അവസരമാണ് കാനഡ നഷ്ടപ്പെടുത്തിയതെന്നും ജാമിസൺ ഗ്രീർ കുറ്റപ്പെടുത്തി. നേരത്തേ അംഗീകരിച്ച നിബന്ധനകളിൽ നിന്ന് അവസാന നിമിഷം പിന്മാറിയ കാനഡ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തതാണ് ചർച്ചകൾ തകരാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
പുതിയ നികുതി കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള മൊത്തം ഉൽപന്നങ്ങളുടെ അഞ്ച് ശതമാനത്തെ നേരിട്ട് ബാധിക്കുന്നതാണ്. ഇലക്ട്രോണിക്സ്, വ്യാവസായിക യന്ത്രസാമഗ്രികൾ, ഡയറി ഉൽപ്പന്നങ്ങൾ, ഹോക്കി സ്റ്റിക്കുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നേരത്തെ സ്റ്റീൽ, ലംബർ, ഓട്ടോമൊബൈൽസ് തുടങ്ങിയവക്ക് അമേരിക്ക ഏർപ്പെടുത്തിയ തീരുവക്ക് പുറമേയാണിത്. അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനപരമായ സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ചതിനെത്തുടർന്ന്, കഴിഞ്ഞ ജൂലൈ മാസത്തിലാണ് ട്രംപ് ഭരണകൂടം ഈ തീരുവ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

