ഹൂതി-യു.എസ് വെടിനിർത്തൽ കരാർ നിലവിൽ
text_fieldsമസ്കത്ത്: ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കുന്ന കരാർ അംഗീകരിച്ച് ഹൂതികളും അമേരിക്കയും. മേഖലയിൽ സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഒമാന്റെ മധ്യസ്ഥതയിലാണ് കരാർ. യമനിലെ സൻആ വിമാനത്താവളത്തിൽ വൻനാശം വിതച്ച ഇസ്രായേൽ ആക്രമണത്തിന് മണിക്കൂറുകൾ കഴിഞ്ഞാണ് കരാർ നിലവിൽവന്നത്.
ചരക്കുകടത്തിന് ഹൂതികൾ തടസ്സം നിൽക്കില്ലെന്നും എന്നാൽ, ഇസ്രായേലിനെതിരെ തിരിച്ചടി നൽകുന്നത് കരാർ ലംഘനമാകില്ലെന്നും ഹൂതികൾ പറഞ്ഞു. സുദീർഘ ചർച്ചകൾക്കും ഇടപെടലുകൾക്കും ശേഷമാണ് കരാറിലെത്താൻ കഴിഞ്ഞതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. കരാർ പ്രകാരം ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും അമേരിക്കൻ കപ്പലുകൾ ഉൾപ്പെടെ ഇരു കക്ഷികളും പരസ്പരം ആക്രമണം നടത്തില്ല.
പശ്ചിമേഷ്യയിലെ പ്രധാന കപ്പൽ പാത തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കാൻ സമ്മതിച്ച അടിസ്ഥാനത്തിൽ ഹൂതികൾക്കുനേരെ ബോംബാക്രമണം യു.എസ് നിർത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചാണ് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്.
കപ്പലുകൾ ഈ റൂട്ട് ഒഴിവാക്കി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദിവസങ്ങൾ കൂടുതൽ യാത്ര ചെയ്താണ് സഞ്ചരിച്ചത്. യെമന്റെ ഭൂരിഭാഗവും നിലവിൽ ഹൂതി നിയന്ത്രണത്തിലാണ്. കരാർ നിലവിൽവന്നതോടെ അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും യാത്ര പഴയപോലെ തുടരാനാകും. അടുത്തിടെ യു.എസ്, യു.കെ, ഇസ്രായേൽ രാജ്യങ്ങൾ യെമനിൽ വ്യാപക ആക്രമണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

