ഇസ്രായേലിന് ആയുധങ്ങൾ നൽകണം; ബിൽ പാസാക്കി യു.എസ് ജനപ്രതിനിധിസഭ
text_fieldsവാഷിങ്ടൺ: ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ. ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്. ആയുധവിതരണം വെകിപ്പിക്കുന്ന ബൈഡന്റെയും ഡെമോക്രാറ്റുകളുടേയും നടപടിക്കെതിരെ ജനപ്രതിനിധിസഭയിൽ വിമർശനമുയർന്നു. നേരത്തെ ഇസ്രായേലിനുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രായേൽ സെക്യൂരിറ്റി അസിസ്റ്റൻസ് സപ്പോർട്ട് ആക്ടാണ് ജനപ്രതിനിധി സഭ പാസാക്കിയത്. 224 പേർ ആക്ടിനെ അനുകൂലിച്ചപ്പോൾ 184 പേർ എതിർത്തു. 16 ഡെമോക്രാറ്റുകൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്ന് റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഇതിനെ എതിർക്കുകയും ചെയ്തു. അതേസമയം, ബിൽ നിയമമാവാനുള്ള സാധ്യതകൾ വിരളമാണെന്നാണ് റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസാക്കിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഗസ്സയിൽ ഇപ്പോഴും ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണ്. ഇതുവരെ മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 35,000ത്തോളം പേർ മരിച്ചിരുന്നു. 79,205 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ ഗസ്സ എതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്.
24 മണിക്കൂറിനിടെ ഗസ്സയിൽ 39 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ ശക്തമായ ആക്രമണം ഇപ്പോൾ റഫയിലാണ് തുടരുന്നത്. സുരക്ഷമുൻനിർത്തി റഫയിലെ ഭക്ഷണവിതരണം നിർത്തിയതായി വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. അതിർത്തികൾ ഇസ്രായേൽ പിടിച്ചെടുത്തതോടെ ഗസ്സയിലേക്കുള്ള സഹായവിതരണവും നിലച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

