Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right900 ബില്യണിൽ നിന്ന്...

900 ബില്യണിൽ നിന്ന് 1.5 ട്രില്യണിലേക്ക്; ട്രംപിന്റെ യുദ്ധ ലക്ഷ്യങ്ങൾക്കായി യു.എസ് പ്രതിനിധി സഭ പാസാക്കിയത് വൻ തുക

text_fields
bookmark_border
donald trump
cancel
camera_alt

ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധച്ചെലവുകളും ഇസ്രായേലുമായുള്ള സൈനിക സാങ്കേതിക സഹകരണവും അടങ്ങിയ ഭീമമായ 1.15 ട്രില്യൺ ഡോളറിന്റെ (ഏകദേശം 11.1 ലക്ഷം കോടി രൂപ) സൈനിക ബജറ്റ് പാക്കേജ് യു.എസ് പ്രതിനിധി സഭ പാസാക്കി. ബില്ലിന്റെ ഉയർന്ന തുകയെക്കുറിച്ചും ഇസ്രായേലുമായുള്ള സാങ്കേതിക സഹകരണത്തെക്കുറിച്ചും ഡെമോക്രാറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും, 216 നെതിരെ 212 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് ബിൽ സഭയിൽ അംഗീകാരം നേടിയത്.

ഭൂരിഭാഗം അംഗങ്ങളും പാർട്ടി നിലപാടുകൾക്കൊപ്പം നിന്നപ്പോൾ, ആറ് ഡെമോക്രാറ്റ് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ ഏഴ് റിപ്പബ്ലിക്കൻ അംഗങ്ങൾ ഇതിനെതിരെ വോട്ട് ചെയ്തു. വോട്ടെടുപ്പിന് ശേഷം റിപ്പബ്ലിക്കൻ പ്രതിനിധിയായ തോമസ് മാസ്സി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഈ ബില്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. നമ്മുടെ സൈനിക സാങ്കേതികവിദ്യയും സപ്ലൈ ചെയിനുകളും ഇസ്രായേലുമായി സംയോജിപ്പിക്കുന്നതാണ് ഇന്നത്തെ അന്തിമ വോട്ടെടുപ്പെന്നും, ഇതിലെ സെക്ഷൻ 219 രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വഞ്ചനയായതിനാൽ സെനറ്റിൽ ഈ ബിൽ പരാജയപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ 900 ബില്യൺ ഡോളറിൽ നിന്ന് രാജ്യത്തിന്റെ സൈനിക ബജറ്റ് 1.5 ട്രില്യൺ ഡോളറായി ഉയർത്തണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിന്റെ പ്രതിഫലനമാണ് 2027ലെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (എൻ.ഡി.എ.എ). ഫെബ്രുവരി അവസാനം മുതൽ യു.എസും ഇസ്രായേലും ചേർന്ന് ആരംഭിച്ചതും പൊതുജനങ്ങൾക്കിടയിൽ വലിയ തോതിൽ എതിർപ്പുള്ളതുമായ ഇറാൻ യുദ്ധം തുടരുന്നതുകൊണ്ടാണ് ഈ വലിയ വർധനവ് ആവശ്യമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ഇസ്രായേലിനുള്ള സൈനിക സഹായം അവസാനിപ്പിക്കണമെന്ന് വോട്ടർമാർക്കിടയിൽ ആവശ്യം ശക്തമാകുന്നതിനിടയിലും, രാജ്യവുമായുള്ള സൈനിക സാങ്കേതിക സഹകരണം വിപുലമാക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയത് വലിയ തോതിലുള്ള പരിശോധനകൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. സാമൂഹിക ക്ഷേമ പദ്ധതികൾ സർക്കാർ വെട്ടിക്കുറക്കുന്ന ഈ ഘട്ടത്തിൽ ഇത്രയധികം തുക അനുവദിക്കുന്നതിനെ ഡെമോക്രാറ്റുകൾ എതിർക്കുമെന്നതിനാൽ, സെനറ്റിൽ ഈ ബില്ലിന്റെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ആഴ്ച സെനറ്റ് ഡെമോക്രാറ്റുകൾ എൻ.ഡി.എ.എ ചർച്ചകൾ തടഞ്ഞിരുന്നു. സർക്കാരിന്റെ ഇറാൻ യുദ്ധത്തിനുള്ള ‘അനുമതിപത്രം’ മാത്രമാണ് ഈ ബില്ലെന്ന് ഡെമോക്രാറ്റ് മൈോറിറ്റി ലീഡർ ചക്ക് ഷൂമർ വിശേഷിപ്പിച്ചത്.

സാധാരണയായി എന്തുവിലകൊടുത്തും പാസാക്കേണ്ട ഒരു നിയമമായിട്ടാണ് എൻ.ഡി.എ.എ കണക്കാക്കപ്പെടാറുള്ളതെങ്കിലും, യുക്രെയ്നുള്ള സഹായം പോലുള്ള മറ്റ് വിവാദപരമായ പല കാര്യങ്ങളും ഈ വർഷത്തെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാപകമായ തെരഞ്ഞെടുപ്പ് തിരിമറികൾ നടക്കുന്നുണ്ടെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിൽ വോട്ടെടുപ്പിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രസിഡന്റിന്റെ പ്രധാന ലക്ഷ്യമായ 'സേവ് അമേരിക്ക ആക്റ്റും' ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ ഇറാൻ യുദ്ധത്തിനായി ഇതുവരെ യു.എസിന് 37.5 ബില്യൺ ഡോളർ ചെലവായിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യുദ്ധക്കെടുതികളും സാമ്പത്തിക ബാധ്യതകളും ചർച്ചയാകുന്നതിനിടയിലാണ് പുതിയ ഫണ്ടിങ് ബിൽ സഭയുടെ അംഗീകാരം നേടിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelus senateUS HouseDonald TrumpUS Iran War
News Summary - US House passes $1.15 trillion military bill expanding Israel cooperation
Next Story