ഹുർമുസിൽ പുതിയ യുദ്ധമുഖം: ‘നാറ്റോ’ കൈയൊഴിഞ്ഞപ്പോൾ ബങ്കർ ബസ്റ്റർ പ്രയോഗിച്ച് ട്രംപ്
text_fieldsയു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, അർധ സൈനിക വിഭാഗം മേധാവി ഗുലാം റിസ സുലൈമാനി, 80 സൈനികർ എന്നിവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി
തെഹ്റാനിലെ ഇങ്ക്വിലാബ് ചത്വരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം
പശ്ചിമേഷ്യൻ സംഘർഷം 20ാം ദിവസത്തേക്ക് കടന്നപ്പോൾ ഹുർമുസ് പുതിയൊരു യുദ്ധമുഖമായി മാറിയിരിക്കുന്നു. സംഘർഷത്തിന്റെ ആദ്യ നാളുകളിൽതന്നെ ഹുർമുസ് ഇടനാഴിയിൽ പിടിമുറുക്കി ഇറാൻ സമ്മർദം സൃഷ്ടിക്കുകയും സഖ്യസേനയുടെ ഭാഗമായുള്ള രാജ്യങ്ങളുടെ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നുവെങ്കിലും തുറന്നപോരിലേക്ക് മാറിയിരുന്നില്ല. എന്നാൽ, ഏതാനും ദിവസമായി അതല്ല സ്ഥിതി.
ഹുർമുസ് പിടിച്ചെടുക്കാനുള്ള നീക്കമാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം ഇറാന്റെ 16 കപ്പലുകൾ മുക്കിയ യു.എസ് നാവികസേന, മേഖലയിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അവിടേക്ക് പടക്കപ്പലുകൾ അയച്ചു. എന്നാൽ, പ്രത്യാക്രമണത്താൽ ഇറാൻ പ്രതിരോധം തീർത്തതോടെ പുതിയ സൈനിക നീക്കമാണ് ബുധനാഴ്ച യു.എസ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അതിശക്തമായ ബങ്കർ ബസ്റ്ററുകൾ പ്രയോഗിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
2,268 കിലോഗ്രാം ഭാരമുള്ളതും ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ളതുമായ ബങ്കർ ബസ്റ്ററുകളാണ് ഹുർമുസിന്റെ തീരങ്ങൾ ലക്ഷ്യമാക്കി യു.എസ് തൊടുത്തത്. മേഖലയിൽ ഇറാൻ പ്രത്യാക്രമണത്തിന് ഉപയോഗിക്കുന്ന ക്രൂയിസ് മിസൈലുകളും സൈനിക നിലയങ്ങളും തകർക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങി ഭൂഗർഭ കേന്ദ്രങ്ങൾ ആക്രമിക്കാനാണ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത്.
ഇത് രണ്ടാം തവണയാണ് യു.എസ് ഇറാനിൽ ബങ്കർ ബസ്റ്ററുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ‘ജൂൺ യുദ്ധ’ത്തിലും യു.എസ് ബങ്കർ ബസ്റ്റർ പ്രയോഗിച്ചിരുന്നു. അന്ന് ഇസ്ഫഹാനിലെ ആണവ കേന്ദ്രമായിരുന്നു ലക്ഷ്യം. ജി.ബി.യു -72 എന്ന ബങ്കർ ബസ്റ്ററാണ് യു.എസ് ബുധനാഴ്ച പ്രയോഗിച്ചത്. വലിയ പ്രഹരശേഷിയുള്ളതാണിത്. നേരത്തെ, ഹുർമുസ് പിടിച്ചെടുക്കാൻ ട്രംപ് നാറ്റോയുടെ സഹായം തേടിയിരുന്നു. എന്നാൽ, അത് ആഗോള എണ്ണ വിപണിയെ അനിശ്ചിതത്വത്തിലാക്കുമെന്ന കാരണത്താൽ നാറ്റോ അംഗ രാജ്യങ്ങൾ ട്രംപിനോട് മുഖം തിരിച്ചു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, തങ്ങൾ ഒറ്റക്ക് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഹുർമുസ് തീരങ്ങളിൽ ബങ്കർ ബസ്റ്റർ പ്രയോഗിച്ചതെന്നതും ശ്രദ്ധേയമാണ്.
പുതിയ നിയമവുമായി ഇറാൻ
ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നാണ് ഇറാന്റെ നയം. അൽ ജസീറക്ക് അനുവദിച്ച അഭിമുഖത്തിൽ ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘‘ഇത് ഇറാനോട് ചേർന്നുള്ള ജലപാതയാണ്. സ്വാഭാവികമായും ഞങ്ങളുടെ ശത്രുക്കൾ ഈ പാത ഉപയോഗിക്കുന്നത് ഞങ്ങൾക്ക് അനുവദിക്കാനാവില്ല. സംഘർഷവും സുരക്ഷാഭീഷണിയും കാരണം നിരവധി കപ്പലുകൾ ഇതിനകം ഗതാഗതത്തിൽനിന്ന് പിന്തിരിഞ്ഞിട്ടുണ്ട്. യുദ്ധാനന്തരം ഇതിൽ ഒരു പുനഃക്രമീകരണം വേണം. ഭാവിയിൽ ഇതിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഒരു പുതിയ പ്രോട്ടോകോൾ ഇറാൻ ആവശ്യപ്പെടും’’ -അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഹുർമുസിലൂടെയാണ് കടന്നുപോകുന്നത്. മേഖലയിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് തന്നെയാണ് ഇറാന്റെ വാദം. ഇങ്ങനെ വന്നാൽ, അത് ആഗോള എണ്ണ വിപണിയെത്തന്നെ കാര്യമായി ബാധിക്കും. അതേസമയം, ഇറാൻ ശത്രുക്കളായി കാണാത്ത രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ അവർ കടത്തിവിടാൻ അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലേക്കടക്കം 90 കപ്പലുകൾ ഹുർമുസ് കടന്നുവെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

