ഇറാൻ യുദ്ധം: യു.എസിന്റെ ലോങ്‌റേഞ്ച് പ്രിസിഷൻ മിസൈൽ ശേഖരം ഏകദേശം തീർന്നു -റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടയിൽ യുഎസ് സൈന്യത്തിന്റെ ലോങ്‌റേഞ്ച് പ്രിസിഷൻ മിസൈലുകളുടെ ആഗോള ശേഖരത്തിന്റെ വലിയൊരു ഭാഗം ഉപയോഗിച്ചു തീർത്തതായി റിപ്പോർട്ട്. ഇത് ഭാവിയിലെ സംഘർഷങ്ങളെ നേരിടാനുള്ള സൈന്യത്തിന്റെ സജ്ജീകരണത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സർഫെയ്സ് ടു സർഫെയ്സ് ആയുധങ്ങളായ ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റങ്ങൾ (ATACMS), പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകൾ (PrSM) എന്നിവയുടെ "ഏകദേശം മുഴുവൻ ഭാഗവും" യുഎസ് ഉപയോഗിച്ചതായി രണ്ട് സ്രോതസ്സുകൾ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിതമായ അകലത്തിൽ നിന്ന് കൃത്യമായ ആക്രമണങ്ങൾ നടത്താൻ സൈന്യത്തെ സഹായിക്കുന്ന ആയുധശേഖരത്തിലെ പ്രധാനപ്പെട്ട ഭാഗമാണിത്. ഈ ദീർഘദൂര ആയുധങ്ങളിൽ ഓരോന്നിനും 10 ലക്ഷം ഡോളറിലധികം വിലവരും. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയിലെ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ യു.എസ് നൽകിയ ATACMS മിസൈലുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ATACMS-നേക്കാൾ ദൂരപരിധിയുള്ളതും കൂടുതൽ നൂതനവുമായ പുതിയ തലമുറ മിസൈലാണ് PrSM.
ഇവയുടെ ലഭ്യതക്കുറവ് ഇറാനിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ പുനരാരംഭിക്കുന്നതിന് ട്രംപിന് വലിയ വെല്ലുവിളിയാണ്. എന്നാൽ യുഎസിന്റെ പക്കൽ ശേഷിക്കുന്ന ആയുധങ്ങളുടെ കൃത്യമായ കണക്കുകൾ നൽകാൻ സ്രോതസ്സുകൾ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എങ്കിലും, യുദ്ധം നീണ്ടുപോകുമ്പോൾ മിസൈൽ ശേഖരം കുറയുന്നത് റഷ്യയും ചൈനയും ഉൾപ്പെടെയുള്ള എതിരാളികളെ പ്രതിരോധിക്കാനുള്ള യുഎസിന്റെ കഴിവിനെ ബാധിക്കുമെന്ന ആശങ്ക വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ലോകത്തിലെ മറ്റാരെക്കാളും "ഏറെക്കൂടുതൽ ആയുധങ്ങൾ" യുഎസിനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. "അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ്, പ്രസിഡന്റ് തിരഞ്ഞെടുക്കുന്ന സ്ഥലത്തും സമയത്തും കാര്യങ്ങൾ നിർവ്വഹിക്കാൻ ആവശ്യമായതെല്ലാം അതിന്റെ പക്കലുണ്ട്," പെന്റഗൺ ചീഫ് വക്താവ് ഷോൺ പാർനെൽ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഈ വർഷം ഫെബ്രുവരി 28നാണ് ഇസ്രായേലും യു.എസും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്.
രണ്ടാം ഘട്ട സമാധാന ചർച്ച പുരോഗമിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ പുരോഗതിയുണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. പരാഗ്വേ വിദേശകാര്യ മന്ത്രി റൂബൻ റാമിരസ് ലെസ്കാനോയുമായി ആണവ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിനിടയിലുള്ള കൂടിക്കാഴ്ചയിലാണ് മാർക്കോ റൂബിയോ ഈ പരാമർശങ്ങൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

