ഇറാനിൽനിന്ന് പൗരൻമാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ വഴികളില്ലാതെ യു.എസ്; ഒരാഴ്ച കൊണ്ട് സ്വന്തം നിലയിൽ രാജ്യം വിട്ടത് നൂറുകണക്കിനു പേർ
text_fieldsവാഷിങ്ടൺ: നയതന്ത്ര ബന്ധമില്ലാത്ത ഒരു രാജ്യത്തെ യുദ്ധത്തിൽ ഇടപെടാനുള്ള സാധ്യത നിലനിൽക്കെ സ്വന്തം പൗരൻമാരെ അവിടെനിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ വെല്ലുവിളി നേരിട്ട് യു.എസ്. ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നാലെ നൂറുകണക്കിന് അമേരിക്കൻ പൗരന്മാർ സ്വന്തം നിലയിൽ കരമാർഗങ്ങളിലൂടെ ഇറാനിൽനിന്ന് പുറത്തുകടന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്രോതസ്സുകൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പുറത്തുകടന്ന മിക്കവർക്കും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ചിലർ കാലതാമസവും പ്രയാസങ്ങളും നേരിട്ടതായി പറഞ്ഞു.
ഇസ്രായേലിൽനിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാധ്യതകൾ യു.എസ് ഭരണകൂടം നോക്കുന്നുണ്ടെങ്കിലും ഇറാനിലെ അമേരിക്കക്കാരെ സഹായിക്കാൻ അവർക്ക് നിലവിൽ ഒരു മാർഗവുമില്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധങ്ങളൊന്നുമില്ലാത്തതാണ് വലിയ വെല്ലുവിളിയാവുന്നത്.
യു.എസ് പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ ഭരണകൂടം പരിശോധിക്കുന്നുണ്ടെന്ന് ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി വ്യാഴാഴ്ച പറഞ്ഞിരുന്നു. സൈനിക, വാണിജ്യ, ചാർട്ടർ വിമാനങ്ങൾ, ക്രൂയിസ് കപ്പലുകൾ എന്നിവ കുടിയൊഴിപ്പിക്കലിനായി ലഭ്യമാക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ഒരു ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു. യു.എസ് പൗരന്മാരോടും ഗ്രീൻ കാർഡ് ഉടമകളോടും ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കാനും ആവശ്യപ്പെട്ടു.
ഇറാനിയൻ വ്യോമാതിർത്തി അടച്ചിരിക്കുന്നതിനാൽ രാജ്യം വിടാൻ ആഗ്രഹിക്കുന്ന യു.എസ് പൗരന്മാർക്ക് അസർബൈജാൻ, അർമേനിയ അല്ലെങ്കിൽ തുർക്കി വഴി കരമാർഗങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യാത്രാ മുന്നറിയിപ്പായി അറിയിച്ചിരുന്നു. ഇറാനിൽ ചോദ്യം ചെയ്യൽ, അറസ്റ്റ്, തടങ്കൽ എന്നിവക്ക് യു.എസ് പൗരന്മാർക്ക് കാര്യമായ അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തുർക്ക്മെനിസ്ഥാൻ തലസ്ഥാനമായ അഷ്ഗാബത്തിലെ യു.എസ് എംബസി 100ലധികം അമേരിക്കൻ പൗരന്മാർക്ക് പ്രവേശനം അഭ്യർഥിച്ചിട്ടുണ്ടെങ്കിലും തുർക്ക്മെനിസ്ഥാൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് യു.എസ് ആഭ്യന്തര വൃത്തങ്ങൾ പറയുന്നു. ജൂൺ 13ന് ഇസ്രായേൽ ഇറാനെ ആക്രമിച്ചതോടെയാണ് വ്യോമ പാത അടച്ചത്. എന്നാൽ, ഇന്ത്യക്കാർക്കു മാത്രമായി ഇറാൻ പാത തുറന്നു നൽകിയതോടെ നൂറു കണക്കിന് ഇന്ത്യക്കാർ കഴിഞ്ഞ ദിവസം നാടണഞ്ഞു.
ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ യു.എസ് ഇടപെടണോ വേണ്ടയോ എന്ന് അടുത്ത രണ്ടാഴ്ചക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും വ്യാഴാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

