യു.എസിൽ ഗ്രീൻ കാർഡ് ചട്ടങ്ങളിൽ ഇളവ്
text_fieldsവാഷിങ്ടൺ: യു.എസിൽ സ്ഥിരതാമസാനുമതി അഥവാ ഗ്രീൻ കാർഡ് കാത്തിരിക്കുന്ന വിദേശികൾക്ക് താൽക്കാലിക ആശ്വാസം. ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാകുന്നതുവരെ അപേക്ഷകർ രാജ്യം വിട്ടുപോകേണ്ടതില്ലെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രവാസി സമൂഹത്തിൽ വലിയ ആശങ്കയുളവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നയത്തിൽ വ്യക്തതയുമായി അധികൃതർ രംഗത്തെത്തിയത്. നിലവിൽ യു.എസിലുള്ള ഭൂരിഭാഗം പേർക്കും രാജ്യത്ത് തുടർന്നുകൊണ്ടുതന്നെ അപേക്ഷ നടപടികളുമായി മുന്നോട്ടുപോകാമെന്നതാണ് പുതിയ വിശദീകരണം. നിലവിലുള്ള നിയമങ്ങളിൽ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് വക്താവ് അറിയിച്ചു. അപേക്ഷകർ രാജ്യത്തിന് പുറത്തുപോയി കാത്തിരിക്കണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇമിഗ്രേഷൻ ഓഫിസർമാർക്കുള്ള മാനദണ്ഡങ്ങൾ ഓർമിപ്പിക്കുക മാത്രമാണ് പുതിയ സർക്കുലറിലൂടെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർ, മറ്റു കുടിയേറ്റ ചട്ടങ്ങൾ ലംഘിച്ചവർ തുടങ്ങിയവരുടെ കാര്യത്തിൽ ഇമിഗ്രേഷൻ ഓഫിസർമാരുടെ തീരുമാനം നിർണായകമാകും. എന്നാൽ, ഏതൊക്കെ സാഹചര്യങ്ങളിലുള്ളവരാണ് രാജ്യം വിടേണ്ടിവരുക എന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പുറത്തുവിടാൻ വകുപ്പ് തയാറായിട്ടില്ല. കുടിയേറ്റ നയത്തിൽ വരുത്തിയ വലിയൊരു തന്ത്രപരമായ മാറ്റമല്ല ഇതെന്നും, തികച്ചും ഭരണപരമായ നടപടിക്രമം മാത്രമാണിതെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
അപൂർവമായ ഇളവുകൾ ലഭിക്കുന്നവരൊഴികെ ബാക്കിയെല്ലാവരും ഗ്രീൻ കാർഡ് അപേക്ഷകളിൽ തീർപ്പാകുന്നതുവരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും കാത്തിരിക്കണമെന്നുമായിരുന്നു ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

