ചെലവ് ബിൽ പാസായി; യു.എസിൽ സർക്കാർ അടച്ചുപൂട്ടലിന് വിരാമം
text_fieldsഒപ്പിട്ട ബിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രദർശിപ്പിക്കുന്നു
വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടലിന് വിരാമം. കഴിഞ്ഞ ദിവസം സെനറ്റ് പാസാക്കിയ ഹ്രസ്വകാല ബജറ്റ് ജനപ്രതിനിധി സഭയും കടന്നതോടെയാണ് അനിശ്ചിതത്വത്തിന് അന്ത്യമായത്. 209നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസായത്. തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചതോടെ 43 ദിവസത്തെ അടച്ചുപൂട്ടലിനുശേഷം സർക്കാർ പ്രവർത്തനം പുനരാരംഭിച്ചു.
ഒക്ടോബർ മുതൽ 14 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഭക്ഷ്യസഹായവും നിലച്ചു. ജീവനക്കാരുടെ കുറവ് കാരണം രാജ്യവ്യാപകമായി വിമാന സർവിസും താറുമാറായി. വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ സാധാരണഗതിയിലാകുമെന്നാണ് കരുതുന്നത്. ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള ബില്ലാണ് ഇപ്പോൾ പാസാക്കിയിരിക്കുന്നത്. തുടർന്നുള്ള ചെലവുകൾക്ക് ജനപ്രതിനിധികൾ വീണ്ടും പുതിയ ബില്ലിന് അംഗീകാരം നൽകണം.
ചെലവ് ബിൽ പാസാകണമെങ്കിൽ സെനറ്റിൽ ചുരുങ്ങിയത് 60 പേരുടെ പിന്തുണയാണ് വേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇത്രയും അംഗങ്ങളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഒടുവിൽ എട്ട് ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് സെനറ്റ് ബിൽ പാസാക്കിയത്. തുടർന്നാണ് ബിൽ ജനപ്രതിനിധി സഭയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

