യു.എൻ ജനറൽ അസംബ്ലിക്ക് മുന്നേ ഫലസ്തീൻ ഉദ്യോഗസ്ഥർക്ക് വിസ വിലക്ക് നീട്ടി അമേരിക്ക; പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും യാത്രാവിലക്ക്
text_fieldsവാഷിങ്ടൺ: ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായി ഫലസ്തീൻ അതോറിറ്റി (പി.എ), ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വിസ ഉപരോധം വീണ്ടും നീട്ടി അമേരിക്ക. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉൾപ്പെടെയുള്ളവർക്കാണ് തുടർച്ചയായ രണ്ടാം വർഷവും അമേരിക്കയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടോ സംഘടനകളുമായോ ബന്ധമുള്ളവർക്ക് വിസ നൽകുന്നത് വിലക്കുന്ന യു.എസ് നിയമം പ്രകാരമാണ് അപേക്ഷ നിരസിച്ചതെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്. എന്നാൽ പ്രസിഡന്റ് അബ്ബാസിനെതിരെയും സമാനമായ കാരണത്താലാണോ വിലക്കെന്ന് വ്യക്തമല്ല.
നേരിട്ടുള്ള ചർച്ചകൾക്ക് പുറമേ ഫലസ്തീൻ രാഷ്ട്രപദവിക്കായി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം തേടുക, ഇസ്രായേലുമായുള്ള തർക്കങ്ങൾ അന്താരാഷ്ട്ര കോടതികളിൽ എത്തിക്കുക, ആക്രമണങ്ങളിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയവ അമേരിക്കൻ നിയമങ്ങളുടെ ലംഘനമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കുറ്റപ്പെടുത്തി. യു.എസുമായുള്ള കരാറുകൾക്കനുസൃതമായി പരിഷ്കാരങ്ങൾ വരുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങളിലാണ് ഇവർ ഏർപ്പെടുന്നതെന്നും യു.എസ് ആരോപിച്ചു.
വിസ വിലക്കിനെ തുടർന്ന്, യു.എൻ ആസ്ഥാനത്തെ ഫലസ്തീൻ മിഷൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓൺലൈനായി പൊതുസഭയെ അഭിസംബോധന ചെയ്യാൻ അനുമതി തേടിക്കൊണ്ട് പ്രമേയം സമർപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വ്യാഴാഴ്ച ജനറൽ അസംബ്ലിയിൽ വോട്ടെടുപ്പ് നടക്കും. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രസംഗിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെപ്റ്റംബർ 24-ന് തന്നെയാണ് അബ്ബാസിന്റെയും പ്രസംഗം സജ്ജീകരിച്ചിരിക്കുന്നത്.
ഗസ്സയിലെ മാനുഷിക പ്രതിസന്ധിയും അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങളുടെ വ്യാപ്തിയും ഉയർത്തിക്കാട്ടാനും, ഫലസ്തീൻ രാഷ്ട്രപദവിക്ക് കൂടുതൽ അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ വർഷത്തെ ജനറൽ അസംബ്ലിയിൽ മഹ്മൂദ് അബ്ബാസ് പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നത്. യുകെ, ഫ്രാൻസ്, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയ സാഹചര്യത്തിൽ അബ്ബാസിന്റെ പ്രസംഗം ഏറെ നിർണായകമാകുമെന്നാണ് കരുതിയിരുന്നത്.
വ്യക്തിഗത ഉദ്യോഗസ്ഥർക്ക് പ്രവേശന വിലക്കുണ്ടെങ്കിലും, യു.എൻ ആസ്ഥാനത്തെ ഫലസ്തീൻ മിഷന്റെ സ്ഥിരം ജീവനക്കാർക്ക് യു.എൻ ഹെഡ്ക്വാർട്ടേഴ്സ് കരാറിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക ഇളവ് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ സാധാരണ ജീവനക്കാർക്ക് അവരുടെ പ്രവർത്തനങ്ങൾ തുടരാനാകും.
ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് അമേരിക്ക യാത്രാവിലക്കുകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

