വിമാനത്തിൽ വെച്ച് വംശീയാധിക്ഷേപവും അക്രമവും: അമേരിക്കൻ പൗരനെ ഡക്ട് ടേപ്പ് കൊണ്ട് ബന്ധിപ്പിച്ച് ജീവനക്കാർ
text_fieldsവാഷിങ്ടൺ: വിമാനത്തിൽ വംശീയാധിക്ഷേപവും അക്രമവും നടത്തിയതിനെ തുടർന്ന് ടേപ്പ് ഉപയോഗിച്ച് സീറ്റിൽ ബന്ധിക്കപ്പെട്ട അമേരിക്കൻ പൗരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് കമ്പനി. ടക്സൺ ആസ്ഥാനമായുള്ള അറിസോണയിലെ 'ലോങ് റിയൽറ്റി' എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് മുൻ വൈസ് പ്രസിഡന്റും ഏജന്റുമായ ആർതർ ലെയ്ൻ ലുൻഡീനെ പുറത്താക്കിയത്.
കമ്പനിയുടെ മാന്യതയ്ക്കും സമഗ്രതയ്ക്കും നിരക്കാത്തതാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഡല്ലാസിൽനിന്ന് നെവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 618ാം നമ്പർ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രാമധ്യേ വിമാനജീവനക്കാർക്കും സഹയാത്രികർക്കും നേരെ ലുൻഡീൻ അസഭ്യവർഷവും വംശീയാധിക്ഷേപവും നടത്തുകയായിരുന്നു. തൊട്ടടുത്ത സീറ്റിലിരുന്ന യാത്രികനെയും ഇടപെടാൻ ശ്രമിച്ച സ്ത്രീയെയും ഇയാൾ മർദിക്കുകയുണ്ടായി. തുടർന്ന് സഹയാത്രികരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയും ഡക്ട് ടേപ്പും സിപ് ടൈകളും ഉപയോഗിച്ച് സീറ്റിൽ ബന്ധിപ്പിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് വിമാനം ബാൾട്ടിമോറിലേക്ക് വഴിതിരിച്ചുവിടുകയും വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനുശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിലവിൽ രണ്ടാം ഡിഗ്രി ആക്രമണം, ക്രമസമാധാന ലംഘനം തുടങ്ങിയ സംസ്ഥാന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ഫെഡറൽ തലത്തിലുള്ള കുറ്റങ്ങൾ കൂടി ചുമത്തുന്ന കാര്യം എഫ്.ബി.ഐ പരിശോധിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

