Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യക്ക്‌ ഉപരോധം വരുമോ? 10 ദിവസത്തിനകം ട്രംപ് തീരുമാനമെടുക്കുമെന്ന് യു.എസ് അംബാസഡർ

text_fields
bookmark_border
റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യക്ക്‌ ഉപരോധം വരുമോ? 10 ദിവസത്തിനകം ട്രംപ് തീരുമാനമെടുക്കുമെന്ന് യു.എസ് അംബാസഡർ
cancel

ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ അടുത്ത പത്ത് ദിവസത്തിനകം യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തീരുമാനമെടുക്കുമെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ. റഷ്യൻ ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥയുള്ള ബില്ലിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണോയെന്ന് ട്രംപ് തീരുമാനിക്കുമെന്നാണ് ഗോർ വ്യക്തമാക്കിയത്.

ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കും നിലവിലുള്ള ഉപരോധങ്ങൾ മറികടക്കാൻ മറ്റുള്ളവരെ സഹായിക്കുന്നവർക്കുമെതിരെ പിഴ ചുമത്താൻ ബിൽ പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്. എന്നാൽ, ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യമിട്ടല്ല നടപടികളെന്നും ഗോർ പറഞ്ഞു.

“അടുത്ത പത്തുദിവസത്തിനകം അദ്ദേഹം തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്,” ഗോർ പറഞ്ഞു. ബിൽ പാസായതിന് പിന്നാലെ 30 ദിവസത്തിനകം പ്രസിഡന്റ് തീരുമാനമെടുക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഈ നിയമപ്രകാരം ഒരു രാജ്യത്തിനെതിരെയും ട്രംപ് ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെന്നും ഗോർ കൂട്ടിച്ചേർത്തു.

യു.എസ് സെനറ്റിൽ ബില്ലിന് ശക്തമായ ഇരുപാർട്ടികളുടെയും പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നൂറ് സെനറ്റർമാരിൽ 86 പേരും ബില്ലിനെ അനുകൂലിച്ചു. ആരെയും ശിക്ഷിക്കുകയല്ല, യുദ്ധം അവസാനിപ്പിക്കുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്നും ഗോർ അവകാശപ്പെട്ടു.

ഇന്ത്യക്ക് ഉപരോധത്തിൽ ഇളവോ പ്രത്യേക പരിഗണനയോ ലഭിക്കുമോയെന്നോ ചോദ്യത്തിന് , അതിൽ തീരുമാനമെടുക്കേണ്ടത് ട്രംപാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യങ്ങൾക്ക് നിലവിലുള്ള ഊർജവിതരണ ബന്ധങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാകില്ലെന്ന് യു.എസ് ഭരണകൂടം മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ യുദ്ധത്തിനുള്ള സാമ്പത്തിക സഹായം ക്രമേണ കുറക്കാൻ പങ്കാളി രാജ്യങ്ങളുമായി സഹകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഗോർ പറഞ്ഞു.

ഇതിനിടെ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും ഗോർ പങ്കുവച്ചു. ചർച്ചകൾ സങ്കീർണമാണെങ്കിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരാറിന്റെ പ്രധാന ചട്ടക്കൂടും നിർണായക വിഷയങ്ങളും സംബന്ധിച്ച ധാരണയായിട്ടുണ്ടെന്നും ഇനി ചെറിയ കാര്യങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും ഗോർ വ്യക്തമാക്കി.

ഏകദേശം ഒന്നര വർഷമായി തുടരുന്ന ചർച്ചകൾ മറ്റ് വ്യാപാര കരാർ ചർച്ചകളെ അപേക്ഷിച്ച് വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കരാറിന് അടിസ്ഥാനമായ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി വിധിച്ചതിനെത്തുടർന്ന് നേരത്തെയുള്ള വ്യാപാര ധാരണയിലെ ചില ഭാഗങ്ങൾ പുനഃപരിശോധിക്കേണ്ടിവന്നതായും ഗോർ വിശദീകരിച്ചു.

പ്രതിരോധം, വിവരസാങ്കേതികവിദ്യ, ഡാറ്റാ സെന്ററുകൾ, ചിപ്പ് നിർമാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഗോർ പറഞ്ഞു. ഇന്ത്യയിൽ യു.എസ് കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തുന്നത് അമേരിക്കയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Trump to decide in 10 days’: US envoy on bill threatening 100% tariffs on India, China, others
Next Story