അഫ്ഗാൻ പ്രതിസന്ധി തീർക്കാൻ ഖത്തറിൽ നയതന്ത്ര ചർച്ച; താലിബാൻ പങ്കാളിത്തം അവ്യക്തം
text_fieldsദോഹ-വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ കൂടുതൽ പ്രദേശങ്ങൾ താലിബാെൻറ പിടിയിലമരവെ, ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമവുമായി ഖത്തറിൽ നയതന്ത്ര ചർച്ച. യു.എസിെൻറ പ്രത്യേക അഫ്ഗാൻ സമാധാന ദൂതൻ സൽമി ഖലീൽസാദിെൻറ നേതൃത്വത്തിൽ ദോഹയിൽ ചൊവ്വാഴ്ച തുടങ്ങിയ ചർച്ചയിൽ യു.കെ, യൂറോപ്യൻ യൂനിയൻ, യു.എൻ, ചൈന, പാകിസ്താൻ, ഉസ്ബെകിസ്താൻ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
അഫ്ഗാൻ സർക്കാറിനെ പ്രതിനിധാനംചെയ്യുന്ന ദേശീയ പുനരേകീകരണത്തിനുള്ള ഉന്നത സമിതി ചെയർമാൻ ഡോ. അബ്ദുല്ല അബ്ദുല്ലയാണ് പങ്കെടുക്കുന്നത്. റഷ്യ ചർച്ചയിൽ പങ്കാളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താലിബാൻ പങ്കാളിത്തം അവ്യക്തം
അഫ്ഗാൻ പ്രശ്നത്തിലെ പ്രധാന കക്ഷിയായ താലിബാനെ ചർച്ചയിൽ പങ്കെടുപ്പിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത. ചർച്ചയിലേക്ക് തങ്ങൾക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ദോഹയിലെ താലിബാൻ വക്താവ് ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്. കാര്യങ്ങൾ പഴയ നിലയിലാക്കുന്നതിന് സംയുക്ത അന്താരാഷ്ട്ര പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ടെന്നാണ് നയതന്ത്ര പ്രതിനിധികൾ പറഞ്ഞതെന്നും താലിബാൻ വക്താവ് പറഞ്ഞു.
പാക് സേന തലവനുമായി യു.എസ് പ്രതിരോധ സെക്രട്ടറിയുടെ ചർച്ച
അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങൾ പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ചർച്ചചെയ്തു. പാക് അതിർത്തിയിലെ താലിബാൻ തീവ്രവാദികളുടെ സുരക്ഷിത താവളങ്ങൾ അടച്ചുപൂട്ടി അവരെ ദുർബലപ്പെടുത്തണമെന്ന് പ്രതിരോധ സെക്രട്ടറി ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തതായി പെൻറഗൺ അറിയിച്ചു.
സൈനിക നയത്തിൽ മാറ്റമില്ലെന്ന് യു.എസ്
അഫ്ഗാനിലെ കൂടുതൽ മേഖലകൾ താലിബാൻ പിടിമുറുക്കുന്ന സാഹചര്യത്തിലും സേന പിന്മാറ്റമടക്കമുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് പെൻറഗൺ അറിയിച്ചു. അഫ്ഗാനിൽ വ്യോമാക്രമണത്തിന് തങ്ങളില്ലെന്നും ജയം തേടിയുള്ള രാഷ്ട്രീയ-സൈനിക നേതാക്കളുടെ പോരാട്ടമാണിപ്പോഴുള്ളതെന്നും പെൻറഗൺ വക്താവ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടേത് നിർമാണാത്മക ഇടപെടൽ
അടിസ്ഥാന സൗകര്യ വികസനം, പരിശീലനം ഉൾപ്പെടെ അഫ്ഗാനിൽ നിർമാണാത്മക ഇടപെടലായിരുന്നു ഇന്ത്യയുടേതെന്ന് പെൻറഗൺ. അഫ്ഗാനിലെ ഇന്ത്യ-യു.എസ് സഹകരണത്തെ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് പെൻറഗൺ വക്താവ് ഇക്കാര്യം പറഞ്ഞത്.
ഉദ്യോഗസ്ഥരെ ആക്രമിക്കരുത് –താലിബാൻ
തങ്ങൾ പിടിച്ചടക്കിയ സ്ഥലങ്ങളിലെ അഫ്ഗാൻ സേനയേയും സർക്കാർ ഉദ്യോഗസ്ഥരേയും ആക്രമിക്കരുതെന്ന് താലിബാൻ സേന തലവെൻറ ശബ്ദ സന്ദേശം. താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഉമറിെൻറ മകൻ മുഹമ്മദ് യാഖൂബിെൻറ ശബ്ദ സന്ദേശം ദോഹയിലെ താലിബാൻ വക്താവ് മുഹമ്മദ് നഈമാണ് ട്വിറ്ററിൽ പങ്കുവെച്ചത്. അഫ്ഗാനിലെ കൂടുതൽ മേഖലകൾ താലിബാൻ കീഴടക്കിയതായാണ് പുതിയ റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

