ട്രഷറി, കൊമേഴ്‌സ് വകുപ്പുകൾക്ക് പിന്നാലെ ഊർജ്ജ വകുപ്പും ഹാക്ക് ചെയ്യപ്പെട്ടു; യു.എസിൽ സൈബർ ആക്രമണം തുടരുന്നു
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ സൈബർ ആക്രമണങ്ങളുടെ ഭീതി തുടരുന്നു. ട്രഷറി, കൊമേഴ്‌സ്, ഹോംലാൻഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) അടക്കമുള്ള വിവിധ വകുപ്പുകൾ ശക്തമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. എന്നാൽ, രാജ്യത്തെ ഉൗർജ്ജ വകുപ്പും ഹാക്ക് ചെയ്യപ്പെട്ടതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയിലെ ആണവായുധങ്ങളെ നിയന്ത്രിക്കുന്നത് ഇൗ വിഭാഗമാണ്.
സൈബർ ആക്രണമങ്ങൾക്ക് പിന്നിൽ റഷ്യൻ ഗവൺമെൻറാണെന്ന് സംശയമുന്നയിച്ച് നിരവധിയാളുകൾ മുന്നോട്ടുവന്നെങ്കിലും അത്തരം ആരോപണങ്ങൾ ബന്ധപ്പെട്ടവർ തള്ളിക്കളയുകയായിരുന്നു. എന്നാൽ, വിവിധ യുഎസ് വകുപ്പുകളെ ലക്ഷ്യമിട്ട് ഒരു വിദേശ രാജ്യമാണ് സൈബർ ആക്രമണം നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇതുവരെ സംഭവത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം, തെൻറ ഭരണത്തിൽ സൈബർ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഉറപ്പുനൽകിയിട്ടുണ്ട്.
ഹാക്കിങ് നടത്തി സുപ്രധാന വിവരങ്ങൾ ചോർത്തിയേക്കാവുന്ന ചില അപകടകാരികളായ സോഫ്റ്റ്വെയറുകൾ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സോഫ്റ്റ്‍വെയർ നിർമ്മാതാക്കളായ സോളര്‍വിന്‍ഡ്‌സ് ഓറിയോണ്‍ ഐടി ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്നത് ഉടൻ നിര്‍ത്തണമെന്ന് എല്ലാ വകുപ്പുകളോടും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജൻസി നിർദേശിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തുവിട്ട ചില സോഫ്റ്റ്വെയറുകൾ ഹാക്കർമാർ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് സോളർവിൻഡ്സ് മുമ്പ് സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

