ഇറാന്റെ മിസൈൽ ആക്രമണം: തെൽഅവീവിലെ യു.എസ് എംബസി താൽകാലികമായി അടച്ചു
text_fieldsവാഷിങ്ടൺ: തെൽ അവീവിലെ യു.എസ് എംബസി താൽകാലികമായി അടച്ചതായി ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ യു.എസ് എംബസിക്ക് ചെറിയ കേടുപാടുകൾ പറ്റിയിരുന്നു. അതിനു പിന്നാലെയാണ് എംബസി താൽകാലികമായി അടക്കാൻ തീരുമാനിച്ചത്.
അതേസമയം, ആക്രമണത്തിൽ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടിട്ടില്ല. സമീപം നടന്ന സ്ഫോടനങ്ങളുടെ ആഘാതത്തിൽ കോൺസുലേറ്റ് കെട്ടിടം തകർന്നതായി കാണിക്കുന്ന ചില വിഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. മിസൈൽ ആക്രമണത്തിൽ എംബസിയുടെ ജനൽ ചില്ലുകൾ തകർന്നതു കാണാം.
''ഇസ്രായേലിലെ യു.എസ് എംബസിയും കോൺസുലേറ്റും ഇന്ന് ഔദ്യോഗികമായി അടക്കും. തെ അവീവിലെ എംബസി ബ്രാഞ്ചിന് സമീപം ഇറാനിയൻ മിസൈൽ പതിച്ചതിന്റെ ആഘാതത്തിൽ ചെറിയ നാശനഷ്ടങ്ങളുണ്ടായി. എന്നാൽ യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കുകളൊന്നുമില്ല,''-എന്നാണ് ഹക്കബി എക്സിൽ കുറിച്ചത്. എംബസി അടച്ചതിന് പിന്നാലെ ജീവനക്കാരോട് സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടാനും അധികൃതർ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഇറാന്റെ 200ലേറെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധസമാന സാഹചര്യത്തിലെത്തിയത്. ആക്രമണത്തിൽ ഇറാന്റെ സൈനിക മേധാവികളും ശാസ്ത്രജ്ഞരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇറാനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇറാന്റെ ആക്രമണത്തിൽ ഇന്നലെ മാത്രം ഇസ്രായേലിൽ എട്ടുപേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

