യു.എസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനൊരുങ്ങി ട്രംപ്; പുതിയ ഉത്തരവ് ഉടനെന്ന് മാധ്യമങ്ങൾ
text_fieldsവാഷിംങ്ടൺ: യു.എസ് വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കുക എന്ന തന്റെ ദീർഘകാല ലക്ഷ്യത്തിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങുന്നതായി വാൾസ്ട്രീറ്റ് ജേണൽ. വ്യാഴാഴ്‌ച തന്നെ ഉത്തരവ് വന്നേക്കാമെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം പറഞ്ഞു. എന്നാൽ, വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
‘വലിയ തട്ടിപ്പെ’ന്ന് വിശേഷിപ്പിച്ചുകൊണ്ട് കഴിഞ്ഞ കാലയളവിൽതന്നെ ട്രംപ് വിദ്യാഭ്യാസ വകുപ്പിനെ ഇല്ലാതാക്കാൻ നടപടിക്ക് നിർദേശിച്ചുവെങ്കിലും കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നില്ല. ഫെഡറൽ വിദ്യാഭ്യാസത്തിനുള്ള ഫണ്ടിങും സ്വാധീനവും കുറച്ചുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ സഹ റിപ്പബ്ലിക്കൻമാർ വളരെക്കാലമായി ഇതിന് ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിസം സെനറ്റിൽ വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ, ഏജൻസി നിർത്തലാക്കാനുള്ള ട്രംപിന്റെ പദ്ധതിയെ ന്യായീകരിക്കുകയുണ്ടായി.
എന്നാൽ, പൊതുവിദ്യാഭ്യാസ നിലവാരം ഉയർന്ന നിലയിൽ നിലനിർത്തുന്നതിന് ഈ വകുപ്പ് നിർണായകമാണെന്ന് വകുപ്പിന്റെ വക്താക്കൾ പറയുന്നു. റിപ്പബ്ലിക്കൻമാർ ലാഭേച്ഛയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതായി അവർ ആരോപിച്ചു. ഉടനടിയുള്ള അടച്ചുപൂട്ടൽ ‘കെ-12’ സ്കൂളുകൾക്കുള്ള കോടിക്കണക്കിന് ഡോളർ സഹായവും കോളജ് വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ, വായ്പാ സഹായവും തടസ്സപ്പെടുത്തും.
വകുപ്പ് ഉടൻ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. താഴ്ന്ന വരുമാനമുള്ള സ്കൂൾ ജില്ലകളെയും വിദ്യാർത്ഥികളെയും സഹായിക്കുന്നതിന് കോൺഗ്രസ് അനുവദിച്ച ഫെഡറൽ സ്കൂൾ ഫണ്ടിംഗ് തുടരുമെന്നും വാഗ്ദാനം ചെയ്തു.
ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരനായ ഉപദേഷ്ടാവ് ഇലോൺ മസ്‌കും കോൺഗ്രസ് അംഗീകാരമില്ലാതെ സർക്കാർ പരിപാടികളും യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് പോലുള്ള സ്ഥാപനങ്ങളും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ നീക്കം.
വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കുന്നത് ഒരു കാബിനറ്റ് തല ഏജൻസിയുടെ അദ്ദേഹത്തിന്റെ ആദ്യത്തെ അടച്ചുപൂട്ടലായിരിക്കുമെന്ന് റോയിട്ടേഴ്സ് പറഞ്ഞു. യു.എസിലെ ഏകദേശം 100,000 പൊതു സ്കൂളുകളുടെയും 34,000 സ്വകാര്യ സ്കൂളുകളുടെയും മേൽനോട്ടം ഈ വകുപ്പാണ് വഹിക്കുന്നത്. പൊതു സ്കൂൾ ഫണ്ടിന്റെ 85 ശതമാനത്തിലധികവും സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണെങ്കിലും പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ അധ്യാപകർക്ക് ശമ്പളം നൽകുന്നതിനും, കലാ പരിപാടികൾക്ക് ഫണ്ട് നൽകുന്നതിനും, കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള പണം ഉൾപ്പെടെയുള്ള ഫെഡറൽ ഗ്രാന്റുകൾ നൽകുന്നത് അടച്ചുപൂട്ടാനൊരുങ്ങുന്ന വകുപ്പാണ്.
യൂനിവേഴ്സിറ്റിക്ക് നേരിട്ട് പണം നൽകാൻ കഴിയാത്ത ദശലക്ഷക്കണക്കിന് അമേരിക്കൻ വിദ്യാർഥികളുടെ ട്രില്യൺ കണക്കിന് വായ്പകൾക്കും ഇത് മേൽനോട്ടം വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

