യു.എസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിലെന്ന് സാമ്പത്തിക വിദഗ്ധൻ; സാധാരണക്കാരായ അമേരിക്കക്കാർക്ക് അപായ മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: 2008ലേതിനു സമാനമായ മറ്റൊരു മാന്ദ്യ മുന്നറിയിപ്പുമായി യു.എസ് സാമ്പത്തിക വിദഗ്ധൻ. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ‘മൂഡീസി’ലെ ചീഫ് ഇക്കണോമിസ്റ്റായ മാർക്ക് സാൻഡിയാണ് ഇക്കാര്യം പ്രവചിച്ചത്. 2008ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ് സാൻഡി. നിരവധി യു.എസ് സംസ്ഥാനങ്ങൾ മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ‘മൂഡീസ്’ മുന്നറിയിപ്പ് നൽകുന്നു.
ദേശീയ തലത്തിലുള്ള വിവിധ ഡാറ്റയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, യു.എസ് ജി.ഡി.പിയുടെ മൂന്നിലൊന്ന് വരുന്ന സംസ്ഥാനങ്ങൾ മാന്ദ്യത്തിന്റെ ഉയർന്ന അപകടസാധ്യതയിലാണ്. എന്നാൽ, മൂന്നിലൊന്ന് സംസ്ഥാനങ്ങൾ സ്ഥിരത പുലർത്തുന്നു. ശേഷിക്കുന്ന മൂന്നിലൊന്ന് വളർച്ചയിലുമാണ് - സാൻഡി സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ എഴുതി.
തൊഴിൽ വളർച്ച മന്ദഗതിയിലാകുന്നതും പണപ്പെരുപ്പം ഉയരുന്നതും ട്രംപിന്റെ താരിഫുകൾ വ്യാപാരത്തെ സമ്മർദത്തിലാക്കുന്നതും മൂലം രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ‘മൂഡീസും’ മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക സമ്മർദം സാധാരണ അമേരിക്കക്കാരെ പ്രധാനമായും രണ്ടു തരത്തിൽ നേരിട്ട് ബാധിക്കുമെന്ന് കരുതുന്നു. ഉയർന്ന വിലയും തൊഴിൽ അസ്ഥിരതയുമായിരിക്കും അവ. വർധിച്ചുവരുന്ന ചെലവുകൾ ഉടൻതന്നെ അവഗണിക്കാനാവാത്തതാവുമെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സാൻഡി അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേകിച്ച് അവശ്യവസ്തുക്കൾക്ക്. വിലകൾ ഇതിനകം ഉയരുകയാണ്. നിങ്ങൾക്ക് അത് കണക്കുകളിൽ കാണാൻ കഴിയും. ആളുകൾക്ക് അവഗണിക്കാൻ കഴിയാത്ത ഒരു പരിധി വരെ അവ ഉയരും -അദ്ദേഹം പറഞ്ഞു.
2008-09 സാമ്പത്തിക പ്രതിസന്ധിക്കുശേഷം രാജ്യം അഭിമുഖീകരിക്കാൻ പോവുന്ന ഏറ്റവും ദുർബലമായ വളർച്ചയും അധികരിക്കുന്ന ഉപഭോക്തൃ ചെലവും ഉൾപ്പെടെ നിരവധി ഘടകങ്ങളിലേക്ക് സാൻഡിയുടെ വിലയിരുത്തൽ വിരൽ ചൂണ്ടുന്നു. കമ്പനികളുടെ ലാഭത്തിൽ യു.എസ് താരിഫുകൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഭവന വിപണിയിലെ തുടർച്ചയായ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്കകൾ ഉന്നയിച്ചു.
പല സംസ്ഥാനങ്ങളും ദുർബലതയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. വ്യോമിങ്, മൊണ്ടാന, മിനസോട്ട, മിസിസിപ്പി, കൻസാസ്, മസാച്യുസെറ്റ്സ് എന്നിവയെല്ലാം മാന്ദ്യത്തിന്റെ ഉയർന്ന അപകടസാധ്യതയുള്ളവയായി തിരിച്ചറിഞ്ഞിട്ടുണ്ട്. വാഷിങ്ടൺ ഡി.സി. മേഖലയും സാമ്പത്തിക പ്രതിസന്ധികൾക്ക് പേരുകേട്ടതാണ്. സർക്കാർ ജോലികൾ വെട്ടിക്കുറക്കുന്നതാണ് ഇതിനു കാരണമായി സാൻഡി പറയുന്നത്. അതേസമയം കാലിഫോർണിയ, ന്യൂയോർക്ക് പോലുള്ള രാജ്യത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ചിലത് സ്വന്തമായി പിടിച്ചുനിൽക്കുന്ന പ്രവണതയുമുണ്ട്.
നിലവിൽ 2.7ശതമാനം ആയ വാർഷിക പണപ്പെരുപ്പ നിരക്ക് അടുത്ത വർഷത്തിനുള്ളിൽ 4ശതമാനത്തോളം ആയി ഉയരുമെന്നും ഇത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ കൂടുതൽ ഇല്ലാതാക്കുമെന്നും സാൻഡി പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

