സംഘർഷം പുകയുന്നു; ബഗ്ദാദിൽ ഡ്രോൺ ആക്രമണം; പി.എം.എഫ് കമാൻഡർ കൊല്ലപ്പെട്ടു
text_fieldsബഗ്ദാദ്/ ബൈറൂത്: ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ ചെറുത്തുനിൽപ് പ്രസ്ഥാനമായ പോപുലർ മൊബിലൈസേഷൻ ഫോഴ്സ് (പി.എം.എഫ്) കമാൻഡർ മുഷ്താഖ് താലിബ് അൽ സൈദിയടക്കം രണ്ടുപേരെ അേമരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി.
മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂറിയടക്കം ആറുപേരെ ബൈറൂത്തിൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചതിനുപിന്നാലെ തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു. ഇറാനിൽ റെവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന ഖാസി സുലൈമാനിയുടെ ഖബറിടത്തിനരികിൽ കഴിഞ്ഞദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളിൽ 95 പേരും മരിച്ചിരുന്നു.
ബഗ്ദാദിലെ ഫലസ്തീൻ സ്ട്രീറ്റിൽ പി.എം.എഫിന്റെ അൽ നുജാബ മിലീഷ്യ ആസ്ഥാനത്തിനു സമീപം നടന്ന ഡ്രോൺ ആക്രമണത്തിലാണ് മുഷ്താഖ് താലിബ് അൽ സൈദി കൊല്ലപ്പെട്ടത്. ഓഫിസിലേക്ക് വരുന്നതിനിടെ ഗാരേജിന് സമീപമാണ് അദ്ദേഹം സഞ്ചരിച്ച കാറിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് അമേരിക്ക ഏറ്റെടുത്തു. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാഖിലെയും സിറിയയിലെയും യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ചെറുത്തുനിൽപ് സംഘങ്ങൾ നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
ഇസ്രായേൽ-ലബനാൻ അതിർത്തിയിലെ നാഖൂറയിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടത്. ഒരാൾ പ്രാദേശിക നേതാവാണ്. അറൂറിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല, ഹീനമായ കുറ്റകൃത്യത്തിന് പ്രതികാര നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ലബനാനിൽ ഇനിയും ആക്രമണം നടത്താനാണ് പദ്ധതിയെങ്കിൽ പോരാടാൻ തയാറാണെന്നും ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അറൂറി വധത്തിനുപിന്നിൽ ഇസ്രായേൽ തന്നെയാണെന്ന പരോക്ഷ സൂചനയുമായി മൊസാദ് മേധാവി ഡേവിഡ് ബർണിയ രംഗത്തെത്തി. ഹമാസ് നേതാക്കൾ എവിടെപ്പോയി ഒളിച്ചാലും പിന്തുടർന്ന് വധിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. അറൂറി വധം വൈറ്റ്ഹൗസിനെ അറിയിക്കാതെ ഇസ്രായേൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തെൽഅവീവിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

