Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിന്‍റെ ഇരട്ടത്താപ്പ്: റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് ഉപരോധ ഭീഷണി, സ്വന്തം ആണവ ആവശ്യങ്ങൾക്ക് ഇളവ്

text_fields
bookmark_border
യു.എസിന്‍റെ ഇരട്ടത്താപ്പ്: റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് ഉപരോധ ഭീഷണി, സ്വന്തം ആണവ ആവശ്യങ്ങൾക്ക് ഇളവ്
cancel

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ യു.എസ് ഒരുങ്ങുമ്പോഴും തങ്ങളുടെ ആണവ ഇന്ധന ആവശ്യങ്ങളുടെ കാര്യത്തിൽ നിയമങ്ങളിൽ ഇളവുകൾ നൽകിയിരിക്കുകയാണ് യു.എസ്. റഷ്യയുമായുള്ള സിവിലിയൻ ആണവ സഹകരണത്തിനും ചില യുറേനിയം ഇറക്കുമതികൾക്കും വഴിയൊരുക്കുന്ന വ്യവസ്ഥകൾ യു.എസ് പാസാക്കിയ ബില്ലിൽ തന്നെയുണ്ട്.

റഷ്യൻ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ വാങ്ങുന്നത് തുടരുകയോ ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്താൻ ഡോണൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് ബുധനാഴ്ച യു.എസ് പ്രതിനിധി സഭ പാസാക്കിയ 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026', എന്നാൽ റഷ്യക്കെതിരെയുള്ള ഈ സമഗ്ര ഉപരോധ പാക്കേജിനുള്ളിൽ നിർണായകമായ ഒരു ആണവ ഇളവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബില്ലിൽ റഷ്യയുടെ റൊസാറ്റം സ്റ്റേറ്റ് അറ്റോമിക് എനർജി കോർപ്പറേഷനും അതിന്‍റെ സബ്സിഡിയറികളും വിതരണം ചെയ്യുന്ന യുറേനിയം ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ യു.എസ് പ്രസിഡന്റിനോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, യു.എസ്-റഷ്യ സിവിലിയൻ ആണവ സഹകരണ കരാറുകൾക്ക് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കോ ആണവ റിയാക്ടറുകൾ ഉപയോഗിക്കുന്ന കുറഞ്ഞ അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ ചില ഇറക്കുമതികൾക്കോ ഈ ഉപരോധങ്ങൾ ബാധകമല്ലെന്ന് ബില്ലിലെ മറ്റൊരു വിഭാഗത്തിൽ വ്യക്തമാക്കുന്നു.

സെക്ഷൻ 114 പ്രധാനപ്പെട്ട രണ്ട് ഇളവുകളാണ് നൽകുന്നത്. ആറ്റോമിക് എനർജി ആക്ടിലെ സെക്ഷൻ 123 പ്രകാരം ഉണ്ടാക്കിയ യു.എസ്-റഷ്യ സിവിലിയൻ ആണവ സഹകരണ കരാറിന് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഉപരോധം ബാധകമല്ലെന്നാണ് ഇതിലൊന്ന്. നിലവിലുള്ള യുഎസ് നിയമത്തിന്റെ പരിധിയിൽ വരുന്ന ആണവ റിയാക്ടറുകൾക്കായുള്ള കുറഞ്ഞ അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ചില ഇറക്കുമതികളെയും, ഇളവ് നൽകിയിട്ടുള്ള ചില മെഡിക്കൽ ഐസോടോപ്പ് ഇറക്കുമതികളെയും ഇത് ഒഴിവാക്കുന്നു. അതായത്, റഷ്യ ഉൾപ്പെടുന്ന എല്ലാ ആണവ ഇടപാടുകളും പൂർണ്ണമായി തടയുന്ന ഒന്നല്ല ഈ ബിൽ. പകരം, നിലവിലുള്ള ഇളവുകളും ഒഴിവാക്കലുകളും തുടരുന്നതോടൊപ്പം പുതിയ ഉപരോധങ്ങൾ കൂട്ടിച്ചേർക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നത്.

യു.എസ് ആണവോർജ മേഖലക്ക് റഷ്യ ഇപ്പോഴും അവിഭാജ്യമാകുന്നതെങ്ങനെ?

യു.എസിന്‍റെ ആണവ മേഖലയിലെ റഷ്യൻ ആശ്രിതത്വത്തിന്റെ ദീർഘകാല യാഥാർഥ്യമാണ് ഈ ഇളവിലൂടെ വ്യക്തമാകുന്നത്. റഷ്യയുമായുള്ള സാമ്പത്തിക ആശ്രിതത്വം കുറക്കാൻ യു.എസ് ശ്രമിക്കുമ്പോഴും യുറേനിയം സമ്പുഷ്ടീകരണത്തിൽ റഷ്യ സുപ്രധാന പങ്കുവഹിക്കുന്നു. 2025ൽ യു.എസ് സിവിലിയൻ ആണവ മേഖല 12.71 മില്യൺ (1.271 കോടി) സെപ്പറേറ്റീവ് വർക്ക് യൂണിറ്റ്(എസ്.ഡബ്ല്യു.യു) സമ്പുഷ്ടീകരണ സേവനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഇതിൽ 3.284 മില്യൺ എസ്.ഡബ്ല്യു.യു അഥവാ ആകെ അളവിന്റെ 26 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. യു.എസ് നിർമിത സമ്പുഷ്ടീകരണം 23 ശതമാനം മാത്രമായിരുന്നു. ഫ്രാൻസ്, യുകെ, നെതർലാൻഡ് എന്നിവരും സമ്പുഷ്ടീകരണ സേവനങ്ങൾ നൽകുന്നുണ്ട്. യു.എസ് റഷ്യയെ എത്രത്തോളം ആശ്രയിക്കുന്നുവെന്ന് ഇതിൽ നിന്ന് മനസിലാക്കാം.

ആണവ ഇന്ധനം ക്രൂഡ് ഓയിലിൽ നിന്ന് വ്യത്യസ്തമാണ്. ഭൂരിഭാഗം വാണിജ്യ റിയാക്ടറുകളിലും ഉപയോഗിക്കുന്നതിന് മുമ്പ് യുറേനിയം പരിവർത്തനവും സമ്പുഷ്ടീകരണവും ഉൾപ്പെടെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകണം. റഷ്യ വലിയൊരു സമ്പുഷ്ടീകരണ വ്യവസായം വികസിപ്പിച്ചെടുത്തിട്ടുള്ളതിനാൽ ആഗോള ഇന്ധന വിപണിയിൽ അവരുടെ ആണവ മേഖലക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ആശ്രിതത്വം കുറക്കാൻ യു.എസ് ശ്രമിച്ചുവരികയാണ്.

2024 മേയിൽ, റഷ്യൻ യുറേനിയം ഉൽപന്നങ്ങളുടെ ഇറക്കുമതി യു.എസ് നിരോധിച്ചിരുന്നെങ്കിലും കമ്പനികൾക്ക് 2028 ജനുവരി 1 വരെ ഇളവുകൾ തേടാൻ അനുവാദം നൽകിയിരുന്നു. കൂടാതെ യു.എസിലെ ആണവ ഇന്ധന വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 2.72 ബില്യൺ ഡോളറിന്‍റെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. റഷ്യൻ ഉദ്യോഗസ്ഥർ, സാമ്പത്തിക സ്ഥാപനങ്ങൾ, ഒളിഗാർക്കുകൾ, ഊർജ മേഖല, ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന ടാങ്കറുകളുടെ ഷാഡോ ഫ്ലീറ്റ് എന്നിവയെ ലക്ഷ്യമിട്ടുള്ള കടുത്ത നടപടികൾക്കൊപ്പമാണ് ഈ ആണവ വ്യവസ്ഥകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - us double standared on russia sanction
Next Story