ഇറാനുമായുള്ള ഉരസലിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആണവ ബോംബറുകൾ വിന്യസിച്ച് യു.എസ്
text_fieldsഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയ ദ്വീപിൽ യു.എസ്-ബ്രിട്ടീഷ് സംയുക്ത വ്യോമതാവളത്തിൽ (മധ്യത്തിൽ നിന്ന് താഴെ വലത്തേക്ക്) റാമ്പിൽ നാല് യു.എസ് വ്യോമസേന ബി-2 ബോംബറുകൾ.
വാഷിംങ്ടൺ: ഇറാനുമായുള്ള ഉരസലിനിടെ യു.എസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയ ദ്വീപിലെ ക്യാമ്പ് തണ്ടർ ബേയിൽ ആണവ ശേഷിയുള്ള ആറ് ബി-2 ബോംബർ വിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്ട്. പ്ലാനറ്റ് ലാബ്‌സ് ഏജൻസി വിശകലനം ചെയ്ത ഉപഗ്രഹ ഫോട്ടോകളിൽ ആണ് കഴിഞ്ഞ ആഴ്ച മുതൽ ഡീഗോ ഗാർസിയയിൽ ബി-2 ബോംബറുകളുടെ സാന്നിധ്യം കണ്ടത്. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ടെഹ്‌റാനും വാഷിംങ്ടണും തമ്മിലുള്ള വാക്പോര് ചൂടുപിടിക്കാൻ തുടങ്ങിയതിനു പിന്നാലെയാണിത്.
ആണവ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇക്ക് രണ്ട് മാസത്തെ അന്ത്യശാസനം നൽകിയിരുന്നു. അതിനിടയിലാണ് ഇസ്രായേലും യു.എസും ഇറാനിയൻ സൈനിക ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ആശങ്കയേറ്റുന്ന പുതിയ സൂചന. ജൂത രാഷ്ട്രം ഇറാനെ ആക്രമിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യു.എസ് വ്യോമാക്രമണം തുടരുന്നതിനിടെയാണ് ബോംബർ വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൂതികളെ ലക്ഷ്യം വെക്കാൻ ബി-2 മുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 15 മുതൽ ഹൂതികൾക്കെതിരെ യു.എസ് 100ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. അതേസമയം, പ്രത്യാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി ഹൂതി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
2024 മെയ് മാസത്തിൽ ‘ഇന്റലിന്യൂസ്’ പുറത്തുവിട്ട ചിത്രങ്ങളിൽ ഇറാനിയൻ യുദ്ധക്കപ്പൽ ഐറിസ് ഷാദ് മഹ്ദവി, ഡീഗോ ഗാർസിയയിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് യു.എസ് നീക്കം ആരംഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങളിൽ അടക്കം ബോംബിടാൻ ശേഷിയുള്ള ബി-2 നിർണായകമാണെന്ന് കണക്കാക്കപ്പെടുന്നു. ഓരോ ബി-2നും രണ്ട് പൈലറ്റുമാർ വേണം. ഇന്ധനം നിറക്കാതെ 6,000 നോട്ടിക്കൽ മൈൽ (11,100 കിലോമീറ്റർ) പറക്കാനും 50,000 അടി ഉയരത്തിലെത്താനും കഴിയും. 12,300 കിലോഗ്രാം ഭാരമുള്ള ‘മാസിവ് ഓർഡനൻസ് പെനട്രേറ്റർ’ ബി-2ന് വഹിക്കാൻ കഴിയും. ഒരു വിമാനത്തിന് ഏകദേശം 2010കോടി ഡോളർ ചെലവു വരും.
ഇന്ത്യൻ മഹാസമുദ്രത്തിനു പുറമെ പേർഷ്യൻ ഗർഫിലും യു.എസ് സാന്നിധ്യം കടുപ്പിക്കുന്നതായാണ് റിപ്പോർട്ട്. യു.എസ് താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന അറബ് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 1ന് യു.എസ് സൈന്യം ഇന്തോ-പസഫിക് കമാൻഡ് മേഖലയിൽ നിന്ന് മിഡിൽ ഈസ്റ്റിലെ യു.എസ് സെൻട്രൽ കമാൻഡ് മേഖലയിലേക്ക് രണ്ട് പാട്രിയറ്റ് ബാറ്ററികളും ഒരു ‘താഡ്’ ബാറ്ററിയും കൈമാറുമെന്ന് പെന്റഗൺ സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

