ഇസ്രായേൽ അനുകൂല ലോബിയിങ് ഗ്രൂപ്പിനോട് നോ പറഞ്ഞ് യു.എസ് കോൺഗ്രസ്; എ.ഐ.പി.എ.സിയുടെ ഫണ്ട് തള്ളി ഡെമോക്രാറ്റുകൾ
text_fieldsവാഷിങ്‌ടൺ: യു.എസ് കോൺഗ്രസിൽ ദീർഘകാലമായി നിലനിന്നിരുന്ന ഇസ്രായേൽ അനുകൂല ലോബിയിങ് ഗ്രൂപ്പായ എ.ഐ.പി.എ.സിയുടെ (അമേരിക്കൻ ഇസ്രായേൽ പബ്ലിക്ക് അഫയർസ് കമ്മിറ്റി) ആധിപത്യത്തിന് വൻ തിരിച്ചടി. ഇസ്രായേലിനുള്ള അനിയന്ത്രിതമായ സൈനിക സഹായത്തെ ചൊല്ലി യു.എസ് ജനപ്രതിനിധി സഭയിൽ നടന്ന ചരിത്രപരമായ വോട്ടെടുപ്പിൽ നൂറിലധികം ഡെമോക്രാറ്റിക് പ്രതിനിധികൾ എ.ഐ.പി.എ.സിയെ തള്ളിപ്പറഞ്ഞു.
ഇസ്രയേലിന് പ്രതിവർഷം നൽകിവരുന്ന 330 കോടി ഡോളറിന്റെ സൈനിക സഹായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന ഭേദഗതിയിലാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കടുത്ത എതിർപ്പുയർന്നത്. ഭേദഗതി നിർദ്ദേശം സഭയിൽ തള്ളപ്പെട്ടെങ്കിലും, 103 ഡെമോക്രാറ്റുകൾ ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 10 പേർ ‘പ്രസന്റ്’ മാത്രം രേഖപ്പെടുത്തി. ഇതോടെ ഡെമോക്രാറ്റിക് പാർട്ടിയിലെ ഭൂരിഭാഗം പേരും ഇസ്രായേലിന് സൈനിക സഹായം നൽകുന്നതിനെ എതിർക്കുകയോ പിന്തുണക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്ന സ്ഥിതിയായി.
ഇതൊരു ചരിത്രപരമായ മാറ്റത്തിന്റെ സൂചനയാണെന്ന് പ്രമുഖ മാധ്യമമായ ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മുൻപ് എ.ഐ.പി.എ.സിയുടെ സാമ്പത്തിക പിന്തുണ ലഭിച്ച 21 ഡെമോക്രാറ്റിക് ജനപ്രതിനിധികൾ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തു.
2024ലെ പ്രൈമറി തെരഞ്ഞെടുപ്പിൽ എ.ഐ.പി.എ.സി അനുബന്ധ സംഘടനകളിൽനിന്ന് 40 ലക്ഷം ഡോളറിലധികം പ്രചാരണ ഫണ്ട് ലഭിച്ച മേരിലാൻഡിൽ നിന്നുള്ള പ്രതിനിധി സാറ എൽഫ്രെത്തും വോട്ടെടുപ്പിൽ വിട്ടുനിന്നു. റിപ്പബ്ലിക്കൻ ഭേദഗതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ചെങ്കിലും, ‘നിലവിലെ സൗഹൃദ സമവാക്യങ്ങൾ രാജ്യത്തിനും മേഖലക്കും ഇനി സുസ്ഥിരമല്ല’ എന്ന് സാറ തുറന്നടിച്ചു.
ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി പാറ്റ് റയാൻ എ.ഐ.പി.എ.സിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. ‘വരും തെരഞ്ഞെടുപ്പുകളിൽ എ.ഐ.പി.എ.സി എന്നെ പിന്തുണക്കില്ലെന്ന് എനിക്കറിയാം, സത്യത്തിൽ അവരുടെ പിന്തുണ എനിക്ക് ആവശ്യമില്ല. അഴിമതിക്കാരനും അപകടകാരിയുമായ നെതന്യാഹു ഭരണകൂടത്തെ ചെറുക്കാൻ വിസമ്മതിക്കുന്ന നിലപാടുകൾക്ക് ഇനി നമ്മുടെ രാഷ്ട്രീയത്തിൽ സ്ഥാനമില്ല’ റയാൻ വ്യക്തമാക്കി. തുടർന്ന് ഈ ഭേദഗതിയെ പിന്തുണച്ച ഡെമോക്രാറ്റുകൾക്കുള്ള ഫണ്ട് ശേഖരണം എ.ഐ.പി.എ.സി നിർത്തിവച്ചു.
എ.ഐ.പി.എ.സിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ജനപ്രതിനിധി ടോം മാലിനോവിസ്കിയും രംഗത്തെത്തി. താൻ എ.ഐ.പി.എ.സിയുടെ കടുത്ത പ്രചാരണത്തിന് ഇരയായി തെരഞ്ഞെടുപ്പിൽ തോറ്റ വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ‘യു.എസ്-ഐസ്രയേൽ ബന്ധം നിലനിർത്താൻ എ.ഐ.പി.എ.സി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം പ്രവർത്തനം അവസാനിപ്പിക്കുകയെന്നതാണ്. വിഷലിപ്തമായ സ്വാധീനം മാത്രമാണ് അവർക്കുള്ളത്’ -അദ്ദേഹം ആരോപിച്ചു.
ഉപാധികളോടെയുള്ള സൈനിക സഹായത്തെ പിന്തുണക്കുന്ന മാലിനോവിസ്കിയെ തോൽപ്പിക്കാൻ എ.ഐ.പി.എ.സി 20 ലക്ഷത്തിലധികം ഡോളറാണ് ചെലവാക്കിയത്.
ഡെമോക്രാറ്റിക് പ്രൈമറി വോട്ടർമാർക്കിടയിൽ എ.ഐ.പി.എ.സിയുടെ പ്രതിച്ഛായ വൻതോതിൽ തകർന്നതായി രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. എ.ഐ.പി.എ.സിയുടെ സാമ്പത്തിക പിന്തുണ കൈപ്പറ്റുന്നത് വോട്ടർമാർക്കിടയിൽ തിരിച്ചടിയാകുമെന്നാണ് 2028ലെ പ്രസിഡന്റ് സ്ഥാനാർഥികളുടെ നിർദ്ദേശകർ കരുതുന്നത്. തീവ്ര വലതുപക്ഷ വൻകിട സംഭാവനക്കാരുമായി എ.ഐ.പി.എ.സിക്കുള്ള ബന്ധമാണ് ഇതിന് കാരണം.
എന്നാൽ ഈ കടുത്ത എതിർപ്പുകൾക്കിടയിലും എ.ഐ.പി.എ.സി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ദശലക്ഷക്കണക്കിന് ഡോളർ ഒഴുക്കുന്നത് തുടരുകയാണ്. മിഷിഗണിലെ സെനറ്റ് തെരഞ്ഞെടുപ്പിൽ പ്രതിനിധി ഹാലി സ്റ്റീവൻസിന് വേണ്ടി രണ്ടു കോടിയോളം ഡോളറും മിസൗറിയിൽ വെസ്ലി ബെല്ലിനായി 14 ലക്ഷത്തിലധികം ഡോളറും അവർ ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

