Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്

text_fields
bookmark_border
ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്
cancel

സിംഗപ്പൂർ: കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക ഏറ്റുമുട്ടലിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണായക പങ്കുവഹിച്ചതായി യു.എസ്. വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ വെളിപ്പെടുത്തൽ. സിംഗപ്പൂരിൽ നടന്ന ഏഷ്യയിലെ പ്രമുഖ സുരക്ഷാ ഉച്ചകോടിയായ 'ഷാംഗ്രി-ലാ ഡയലോഗിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവായുധ ശേഷിയുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത പിരിമുറുക്കം ലഘൂകരിക്കുന്നതിൽ ട്രംപിന്റെ നയതന്ത്ര ഇടപെടൽ വലിയ വിജയമായിരുന്നുവെന്ന് ഹെഗ്‌സെത് അവകാശപ്പെട്ടു. ഇതോടൊപ്പം ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇൻഡോ-പസഫിക് തന്ത്രവും അദ്ദേഹം ഉച്ചകോടിയിൽ വിശദീകരിച്ചു..

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ നാല് ദിവസത്തോളം നീണ്ടുനിന്ന കടുത്ത സൈനിക ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ ഇരുരാജ്യങ്ങളെയും വെടിനിർത്തലിലേക്ക് കൊണ്ടുവരാൻ ട്രംപ് നേരിട്ട് ഇടപെട്ടതായാണ് യു.എസ്. വ്യക്തമാക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥതയോ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.

ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധത്തിന് യു.എസ്. വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും വാർ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആധുനിക സൈനിക ശക്തിയായ ഇന്ത്യ ഒരു നിർണായക തൂണാണ്. പ്രതിരോധ സാങ്കേതികവിദ്യകളുടെ കൈമാറ്റവും സംയുക്ത ഉത്പാദന പദ്ധതികളും വഴി ഇന്ത്യയുടെ വ്യവസായ-ലോജിസ്റ്റിക്സ് ശേഷി വർദ്ധിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ പുതിയ ആഗോള സുരക്ഷാ നയത്തിന്റെ ഭാഗമായി സഖ്യകക്ഷികൾക്ക് ഹെഗ്‌സെത് കർശന മുന്നറിയിപ്പ് നൽകി. ധനികരായ വിദേശ രാജ്യങ്ങളുടെ പ്രതിരോധത്തിനായി അമേരിക്കൻ നികുതിപ്പണം ചെലവഴിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇനിമുതൽ സഖ്യകക്ഷികൾ അവരുടെ പ്രതിരോധ ബജറ്റ് ഉയർത്തണം. സ്വന്തം സുരക്ഷക്കായി പണം ചെലവഴിക്കാനും പോരാടാനും തയ്യാറുള്ള രാജ്യങ്ങൾക്ക് മാത്രമേ യു.എസിന്റെ സൈനിക സഹകരണത്തിൽ മുൻഗണന ലഭിക്കൂ. അമേരിക്ക മറ്റ് രാജ്യങ്ങളുടെ 'രക്ഷാധികാരി'യല്ല, മറിച്ച് തുല്യ പങ്കാളിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുടെ ദ്രുതഗതിയിലുള്ള സൈനിക വളർച്ചയിൽ അമേരിക്കക്ക് ആശങ്കയുണ്ടെന്ന് ഹെഗ്‌സെത് സമ്മതിച്ചു. എങ്കിലും ബെയ്ജിംഗുമായി നേരിട്ടുള്ള ഒരു സൈനിക സംഘർഷത്തിന് വാഷിങ്ടൺ ആഗ്രഹിക്കുന്നില്ല. ലോകത്ത് മറ്റ് പല നയതന്ത്ര പ്രതിസന്ധികളും നിലനിൽക്കുന്നുണ്ടെങ്കിലും ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ആസിയാൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഇൻഡോ-പസഫിക് മേഖലയ്ക്കായിരിക്കും യു.എസ്. സുരക്ഷാ നയത്തിൽ ഇപ്പോഴും പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Defense Secretary Hegseth backs Trump’s claim on India-Pak ceasefire
Next Story