Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനുമായുള്ള...

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കക്ക് ചെലവായത് 37.5 ബില്യൺ ഡോളർ; കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പെന്റഗൺ

text_fields
bookmark_border
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കക്ക് ചെലവായത് 37.5 ബില്യൺ ഡോളർ; കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പെന്റഗൺ
cancel

വാഷിങ്ടൺ: യു.എസ്-ഇറാൻ യുദ്ധത്തിന്റെ ചെലവ് വിവരങ്ങൾ പുറത്തുവിട്ട് പെന്റഗൺ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇറാനുമായുള്ള യുദ്ധത്തിൽ ഇതുവരെ ചെലവായത് 37.5 ബില്യൺ ഡോളറാണെന്ന് (ഏകദേശം 3.61 ലക്ഷം കോടി രൂപ) അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെളിപ്പെടുത്തി. സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നടന്ന ഹിയറിങിലാണ് കണക്കുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ മെയ് മാസത്തിൽ പുറത്തുവിട്ട 29 ബില്യൺ ഡോളറിനേക്കാൾ ഇത്തവണ എട്ട് ബില്യൺ ഡോളറാണ് അധികമായി ചെലവായത്. അടിയന്തരമായി കൂടുതൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ സൈനിക പരിശീലനം ഉൾപ്പെടെ വെട്ടിക്കുറക്കേണ്ടി വരുമെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. എന്നാൽ അധിക ഫണ്ട് ആവശ്യത്തെ മിക്ക ഡെമോക്രാറ്റുകളും എതിർത്തു. റിപ്പബ്ലിക്കൻ സെനറ്റർമാർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്.

ചൊവ്വാഴ്ച നടന്ന യോഗത്തിൽ, 1.5 ട്രില്യൺ ഡോളറിന്റെ യു.എസ് പ്രതിരോധ ബജറ്റും, അതിൽ ഇറാനുമായുള്ള യുദ്ധത്തിനായി ആവശ്യപ്പെടുന്ന ഏകദേശം 70 ബില്യൺ ഡോളറും ഉൾപ്പെടുന്ന ഫണ്ടിനെക്കുറിച്ച് ഹെഗ്സെത്തും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്നും ചോദ്യങ്ങൾക്ക് മറുപടിയായാണ് കണക്കുകൾ പുറത്ത് വിട്ടത്.

ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ആരംഭിച്ച യുദ്ധം കാരണം അമേരിക്കയുടെ ആയുധ ശേഖരത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് ഹെഗ്സെത്ത് തന്റെ പ്രാരംഭ പ്രസ്താവനയിൽ സൂചിപ്പിച്ചു. ഉയർന്ന ആവശ്യക്കാരുള്ള ആയുധങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വേഗത്തിൽ എത്തിക്കുന്നതിനും ഫണ്ട് ആവശ്യമാണെന്ന് ഹെഗ്സെത്ത് പറഞ്ഞു. ഖര ഇന്ധന റോക്കറ്റ് മോട്ടോറുകൾ, ജെഡാംസ്, ഹൈപ്പർസോണിക് ആയുധങ്ങൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും ആവശ്യമുള്ളതെന്നും ഹെഗ്സെത്ത് വ്യക്തമാക്കി.

ബജറ്റ് ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ ഭാവിയിൽ സൈനിക പരിശീലനങ്ങൾ വെട്ടിക്കുറക്കേണ്ടി വരുമെന്നും പെന്റഗൺ മേധാവി മുന്നറിയിപ്പ് നൽകി. എന്നാൽ വാഷിങ്ടൺ ഡി.സിയിലെ നാഷണൽ ഗാർഡ് വിന്യാസം, കരീബിയൻ കടലിലെ ലഹരിക്കടത്തുകാർക്കെതിരെയുള്ള യു.എസ് നീക്കങ്ങൾ, സൈനിക പട്രോളിങ് എന്നിവക്കുള്ള ഫണ്ട് അഭ്യർത്ഥനകളും ഉൾപ്പെടുന്ന ഈ വലിയ ബജറ്റിനെതിരെ ഡെമോക്രാറ്റിക് സെനറ്റർ പാറ്റി മുറെ ഉൾപ്പെടെയുള്ളവർ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്.

ജൂൺ 17 മുതൽ നിലനിന്നിരുന്ന വെടിനിർത്തൽ ധാരണ കഴിഞ്ഞ ആഴ്ച തകർന്നതിനെ തുടർന്ന് യു.എസും ഇറാനും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുന്നതിനിടയിലാണ് ഹെഗ്സെത്തിന്റെ വെളിപ്പെടുത്തൽ. ഇറാനുമായുള്ള യുദ്ധത്തിൽ രണ്ട് യു.എസ് സൈനികർകൂടി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ ഇതിന്റെ വില കൊടുക്കേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഊർജ്ജ പ്ലാന്റുകൾ, പാലങ്ങൾ, ഇറാനിലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ കരസേനയെ അയക്കൽ, ഭൂഗർഭ ആണവ കേന്ദ്രമായ 'പിക്കേക്സ് മൗണ്ടൻ' തകർക്കൽ എന്നിവയുൾപ്പെടെയുള്ള കടുത്ത ഭീഷണികളാണ് കഴിഞ്ഞ ആഴ്ചകളിൽ ട്രംപ് മുഴക്കിയത്.

ഹുർമുസ് കടലിടുക്കിലെ സ്വാധീനം ഉറപ്പിക്കാൻ ഇറാൻ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണ് ഇതുവരെ പ്രധാനമായും ആക്രമിക്കപ്പെട്ടത്. അതേസമയം, മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തിലെ ഡീസലൈനേഷൻ പ്ലാന്റുകൾക്കും പവർ പ്ലാന്റുകൾക്കും നേരെ പുതിയ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ബഹ്‌റൈനിലെയും ജോർഡനിലെയും മറ്റ് ചില കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഇറാന്റെ അടുത്ത സഖ്യകക്ഷികളായ യമനിലെ ഹൂതികൾ സൗദി അറേബ്യക്കെതിരെ സമുദ്ര ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pentagonUS defence chiefPete HegsethUS Attack on IranUS Iran War
News Summary - US defence chief Hegseth puts Iran war cost at $37.5bn so far
Next Story