ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മുഹ്‌സിൻ മഹ്ദവിയുടെ മോചനം തടഞ്ഞ് യു.എസ് ഫെഡറൽ കോടതി; നാടുകടത്തൽ നടപടികൾക്ക് സാധ്യത
text_fieldsമുഹ്‌സൻ മഹ്ദവി
ന്യൂയോർക്ക്: ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റും കൊളംബിയ സർവകലാശാല മുൻ വിദ്യാർഥിയുമായ മുഹ്‌സിൻ മഹ്ദവിയെ മോചിപ്പിക്കാൻ ഉത്തരവിട്ട കീഴ്ക്കോടതി വിധി യു.എസ് ഫെഡറൽ അപ്പീൽ കോടതി റദ്ദാക്കി. ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ മഹദവിയെ നാടുകടത്താൻ ട്രംപ് ഭരണകൂടം നടത്തിവരുന്ന ശ്രമങ്ങൾക്ക് അനുകൂലമായാണ് വിധി.
വെർമോണ്ടിലെ ഫെഡറൽ ജഡ്ജിയുടെ മുൻ ഉത്തരവ് അസാധുവാക്കിയാണ് ന്യൂയോർക്കിലെ യു.എസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് വിധി പുറപ്പെടുവിച്ചത്. ഗവൺമെന്റിന്റെ നടപടികളെ മക്കാർത്തി കാലത്തെ അടിച്ചമർത്തലുകളോട് ഉപമിച്ചുകൊണ്ടായിരുന്നു കീഴ്ക്കോടതി ജഡ്ജി മുമ്പ് മഹ്ദവിയുടെ മോചനം ഉറപ്പാക്കിയത്. എന്നാൽ, കുടിയേറ്റ കോടതി സംവിധാനങ്ങൾ വഴിയുള്ള നിയമനടപടികൾ പൂർണമായി തീരുന്നതിന് മുമ്പ് ഫെഡറൽ ജഡ്ജി ഈ കേസിൽ ഇടപെട്ടത് സ്വന്തം അധികാരപരിധി ലംഘിക്കലാണെന്ന് അപ്പീൽ കോടതി പാനൽ ചൂണ്ടിക്കാണിച്ചു.
ഈ വർഷത്തിന്റെ തുടക്കത്തിൽ കൊളംബിയ സർവകലാശാലയിലെ മഹ്ദവിയുടെ സഹപാഠിയായിരുന്ന മഹ്മൂദ് ഖലീലിനെതിരെയും സമാനമായ രീതിയിൽ അപ്പീൽ കോടതി വിധി വന്നിരുന്നു. സർവകലാശാലാ ക്യാമ്പസുകളിൽ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിലാണ് ഇരുവരെയും കഴിഞ്ഞ വർഷം നാടുകടത്തൽ നടപടികൾക്ക് വിധേയരാക്കിയത്. ഇസ്രായേലിനെ വിമർശിച്ചതിന്റെ പേരിൽ ഭരണകൂടം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ വേട്ടയാടുന്നത് എന്ന മഹ്ദവിയുടെ വാദങ്ങളുടെ മെറിറ്റിലേക്ക് അപ്പീൽ കോടതി നിലവിൽ കടന്നിട്ടില്ല. കുടിയേറ്റ കോടതികളിൽ ലഭ്യമായ എല്ലാ നിയമപരമായ വഴികളും തേടിയ ശേഷം മാത്രമേ അദ്ദേഹത്തിന് ഫെഡറൽ കോടതികളെ സമീപിക്കാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.
35 വയസ്സുകാരനായ മഹ്ദവി വെസ്റ്റ് ബാങ്കിലാണ് ജനിച്ചു വളർന്നത്. 2014 മുതൽ അമേരിക്കയിൽ താമസിച്ചു വരുന്ന അദ്ദേഹം ഒരു പെർമനന്റ് റസിഡന്റാണ്. പൗരത്വത്തിനായി അപേക്ഷിച്ചുകൊണ്ട് ഒരു അഭിമുഖത്തിനെത്തിയപ്പോഴാണ് 2025 ഏപ്രിലിൽ അദ്ദേഹത്തെ അധികാരികൾ അറസ്റ്റ് ചെയ്തത്. തുടർന്ന് വെർമോണ്ടിലെ യു.എസ് ജില്ലാ ജഡ്ജി ജെഫ്രി ക്രോഫോർഡിന്റെ ഉത്തരവിനെത്തുടർന്ന് രണ്ട് ആഴ്ചത്തെ തടവിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. യു.എസ് പൗരന്മാർക്ക് ലഭിക്കുന്ന അതേ ഒന്നാം ഭേദഗതി അവകാശങ്ങൾ ഗ്രീൻ കാർഡ് ഉടമയായ മഹ്ദവിക്കും ഉണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.
കൊളംബിയ സർവകലാശാലയിലെ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ 'കൊളംബിയ യൂണിവേഴ്സിറ്റി അപർട്ടെയ്ഡ് ഡിവെസ്റ്റ്' എന്ന കൂട്ടായ്മയിലെ പ്രമുഖ വ്യക്തിയായിരുന്നു മഹ്ദവി. എന്നാൽ ജൂത വിദ്യാർഥികൾക്കെതിരായ പീഡനങ്ങൾ, അനധികൃത ടെന്റുകൾ സ്ഥാപിക്കൽ, കെട്ടിടങ്ങൾ കയ്യേറൽ, പൊലീസുമായി ഏറ്റുമുട്ടൽ തുടങ്ങിയ നിരവധി ആരോപണങ്ങൾ ഈ സമരവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.
തനിക്കെതിരെയുള്ള നാടുകടത്തൽ ഉത്തരവിനെതിരെ കുടിയേറ്റ കോടതിയിൽ മഹ്ദവി നിലവിൽ അപ്പീൽ നൽകിയിട്ടുണ്ട്. അന്തിമ ഉത്തരവിനെതിരെ ഔദ്യോഗികമായി ഹരജി സമർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് തുടർന്നും നിയമപോരാട്ടം നടത്താമെന്ന് അപ്പീൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും സംബന്ധിച്ച വലിയ നിയമപോരാട്ടങ്ങൾക്കാണ് ഈ കേസ് വീണ്ടും കളമൊരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

