Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ ആക്രമണത്തിൽ...

ഇറാൻ ആക്രമണത്തിൽ യു.എസ് സൈനിക താവളങ്ങൾക്ക് കനത്ത നാശം; ചില കേന്ദ്രങ്ങൾ ഇസ്രായേലിലേക്ക് മാറ്റാൻ ആലോചന

text_fields
bookmark_border
US military base
cancel

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച പശ്ചിമേഷ്യയിലെ ചില യു.എസ് സൈനിക താവളങ്ങൾ ഇസ്രായേലിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ഡ്രോണുകളുടെ തുടർച്ചയായ ആക്രമണത്തിന് ഇരയായ പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് പ്രതീക്ഷിച്ചതിലും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

യുദ്ധത്തിൽ പശ്ചിമേഷ്യയിലെ 20ലധികം സൈനിക താവളങ്ങളും നയതന്ത്ര കാര്യാലയങ്ങളും ആക്രമിക്കപ്പെട്ടതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ തങ്ങളുടെ മൊത്തത്തിലുള്ള വിന്യാസ തന്ത്രം യു.എസ് പുനഃപരിശോധിക്കുകയാണ്. ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളുടെ പരിധിയിൽ നിന്ന് അകലെയുള്ള ഇസ്രായേൽ പോലുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് താവളങ്ങൾ മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന.

ഫെബ്രുവരി അവസാനം സംഘർഷം ആരംഭിച്ചതു മുതൽ ഉണ്ടായ നാശനഷ്ടങ്ങൾ നേരത്തെ കരുതിയതിനേക്കാൾ വലുതാണെന്ന് പ്രത്യേകം എടുത്തുപറയുന്നുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങൾ, വിവിധ വിഡിയോകൾ, നിലവിലുള്ളതും മുമ്പുണ്ടായിരുന്നതുമായ സൈനിക ഉദ്യോഗസ്ഥരുടെ മൊഴികൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്. എന്നാൽ യു.എസ് പ്രതിരോധ വകുപ്പ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.

ചില താവളങ്ങൾ പൂർണമായും തകർന്നതിനാൽ അവ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ താവളങ്ങൾ പുനർനിർമിക്കാൻ കുറഞ്ഞത് 400 മില്യൺ ഡോളർ എങ്കിലും ചെലവാകുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ, ട്രംപ് ഭരണകൂടത്തിന്റെ ആദ്യ കാലയളവിലും മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങൾ ഇറാനിയൻ ഡ്രോണുകളുടെ പരിധിക്ക് പുറത്തുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ അന്ന് ആ പദ്ധതികൾ നടപ്പിലായില്ല.

അതേസമയം, ഇറാനുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടതിന് ശേഷവും തുടർ ചർച്ചകളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി പ്രാദേശിക ഏറ്റുമുട്ടലുകൾ തുടരുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഹുർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണവും സമാധാന ചർച്ചകൾക്ക് വിള്ളലാകുമോ എന്ന ആശങ്കയും ശക്തമാണ്. തങ്ങൾ നിർദേശിച്ച പാതയിലൂടെയല്ലാതെ പോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഇറാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് പുതിയ വഴികളിലൂടെ പോയ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelpeace dealStrait of HormuzUS military base attackMiddle East CrisisUS Iran WarIsrael Iran War
News Summary - "U.S. Considers Relocating Some Middle East Bases to Israel as Iran Airstrikes Cause Severe Damage
Next Story