ട്രംപ് അടക്കം നിരവധി പ്രമുഖരുടെ ചിത്രങ്ങൾ; എപ്സ്റ്റീൻ ഫയൽസ് പുറത്തുവിട്ട് യു.എസ് കോൺഗ്രസ്
text_fieldsവാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനർ, ബിൽ ഗേറ്റ്സ്, റിച്ചാർഡ് ബ്രാൻസൻ, നടൻ വൂഡി അലൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അമേരിക്കയിലെ പ്രമുഖരുമായി ജെഫ്രീനുള്ള ബന്ധമാണ് പുറത്തുവിട്ട ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. എപ്സ്റ്റീനൊപ്പം നിൽക്കുന്ന ട്രംപ് യുവതിയോട് സംസാരിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
വൈറ്റ് ഹൗസ് ഒളിപ്പിക്കാൻ ശ്രമിച്ച ചിത്രങ്ങൾ പുറത്തുവിട്ടതിലൂടെ അതിജീവിതർക്ക് നീതി ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡെമോക്രാറ്റ് പറഞ്ഞു. കൂടാതെ ലൈംഗിക കുറ്റവാളി ജെഫ്രിക്ക് പ്രമുഖരോടുള്ള ബന്ധത്തെ തുറന്നുകാട്ടുന്നതാണ് പുറത്തുവിട്ട ചിത്രങ്ങളെന്നും ഡെമോക്രാറ്റ് അവകാശപ്പെട്ടു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടാൻ ട്രംപ് ഭരണകൂടത്തെ നിർബന്ധിക്കുന്ന ഒരു നിയമം യു.എസ് കോൺഗ്രസ് പാസാക്കിയിരുന്നു. ഇതിനിടെ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ഫയലുകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. തുടർന്ന് ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് നിർദേശിക്കുന്ന ബില്ലിൽ ട്രംപ് ഒപ്പു വെക്കുകയും ചെയ്തിരുന്നു.
20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍. ചില ഫയലുകളിൽ പ്രസിഡന്റ് ട്രംപിനെ കുറിച്ചും പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ഫയലുകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടാണ് ട്രംപ് രംഗത്തെത്തിയത്. തന്റെ പേര് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളെ ഡെമോക്രാറ്റുകളുടെ എപ്സ്റ്റീന്‍ തട്ടിപ്പ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്. എണ്‍പതോളം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ നിരവധി സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

