Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎപ്സ്റ്റീന്‍ ഫയലുകള്‍...

എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലിന് യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം

text_fields
bookmark_border
എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലിന് യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം
cancel

വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പിനോട് നിര്‍ദേശിക്കുന്ന ബില്ലിന് യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അനുമതി നൽകി. യു.എസ് പ്രതിനിധി സഭ ഒന്നിന് എതിരെ 427 വോട്ടിന് തീരുമാനം അംഗീകരിച്ചു. വോട്ടെടുപ്പ് കൂടാതെ സെനറ്റും ഏകകണ്ഠമായി ബില്‍ പാസാക്കുകയായിരുന്നു. പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിരന്തരം പ്രതിരോധത്തിലാക്കുന്നതായിരുന്നു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, ഫയലുകള്‍ പുറത്തുവിടാന്‍ വേണ്ടി വോട്ട് ചെയ്യണമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ട്രംപ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തതത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അനുമതി.

20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍. ചില ഫയലുകളിൽ പ്രസിഡന്റ് ട്രംപിനെ കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയം നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിനിടെയാണ് തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ഫയലുകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. തന്റെ പേര് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളെ ഡെമോക്രാറ്റുകളുടെ എപ്സ്റ്റീന്‍ തട്ടിപ്പ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മഹത്തായ വിജയത്തെ അപമാനിക്കാന്‍ ഇടത് മൗലിക വാദികള്‍ പ്രചാരണം നടത്തുന്നുവെന്നും ട്രംപ് ആരോപിക്കുന്നു.

വിഷയം യു.എസ് പ്രതിനിധി സഭയില്‍ എത്തിയപ്പോള്‍ ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ക്ലേ ഹിഗ്ഗിന്‍സ് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിവരങ്ങള്‍ പുറത്തുവിടുന്നതിലൂടെ ‘നിരപരാധികളായ ആളുകള്‍ വേദനിക്കു’മെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഹിഗ്ഗിൻസ് എതിർപ്പുന്നയിച്ചത്. ലൈംഗിക കുറ്റകൃത്യക്കേസില്‍ വിചാരണ നേരിടവേ ജയിലില്‍വെച്ച് മരണമടഞ്ഞ യുഎസ് കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീന്‍. രാഷ്ട്രീയത്തിലടക്കം സ്വാധീനശക്തിയുണ്ടായിരുന്ന എപ്സ്റ്റീന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ എന്നിവരടക്കം അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ ഉണ്ടായിരുന്നു.

ബാലപീഡന വാര്‍ത്തകളിലൂടെയാണ് എപ്സ്റ്റീന്‍ കുപ്രസിദ്ധി നേടുന്നത്. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്. എണ്‍പതോളം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്.

എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അംഗീകരിച്ചതോടെ ബില്‍ ഇനി യുഎസ് പ്രസിഡന്റിന്റെ പരിഗണയിലേക്ക് എത്തും. നിലവിലെ സാഹചര്യത്തില്‍ ഡോണള്‍ഡ് ട്രംപ് ഇതിന് അംഗീകാരം നല്‍കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഫയലുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് ആവശ്യമില്ലായിരുന്നു എന്നാണ് മറ്റൊരു യാഥാര്‍ഥ്യം. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ട്രംപിന് നേരിട്ട് ഫയലുകള്‍ പുറത്തുവിടാന്‍ സാധിക്കുമായിരുന്നു.

ഒന്നും മറച്ചുവെക്കാനില്ല -ട്രംപ്

നിരന്തരം വിവാദമുണ്ടാക്കുന്ന എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ വേണ്ടി വോട്ട് ചെയ്യണമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളോട് കഴിഞ്ഞ ദിവസം ട്രംപ് ആഹ്വാനം ചെയ്തത്. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും 'അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായി' ഫയലുകള്‍ പുറത്തുവിടണമെന്നുമാണ് ട്രംപിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കര്യം വ്യക്തമാക്കിയത്.

എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ എന്ന നിലയില്‍ ചില ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ജെഫ്രി എപ്സ്റ്റീന്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. എപ്സ്റ്റീനെതിരെ അന്വേഷണം നടത്തുന്ന യുഎസ് പ്രതിനിധി സഭയുടെ മേല്‍നോട്ട സമിതിയില്‍ നിന്നാണ് ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തായതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, മെയിലുകള്‍ പുറത്തുവന്ന സംഭവത്തെ ഡെമോക്രാറ്റുകളുടെ എപ്സ്റ്റീന്‍ തട്ടിപ്പ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. 'റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മഹത്തായ വിജയത്തെ അപമാനിക്കാന്‍ ഇടത് മൗലിക വാദികള്‍ പ്രചാരണം നടത്തുന്നു എന്നും ട്രംപ് ആരോപിക്കുന്നു. വിവാദങ്ങള്‍ക്ക് അപ്പുറത്ത് പലകാര്യങ്ങള്‍ നമുക്ക് ചെയ്തു തീര്‍ക്കാനുണ്ടെന്ന നിലയിലാണ് ട്രംപിന്റെ പ്രതികരണങ്ങള്‍. 'പണപ്പെരുപ്പം കുറയ്ക്കാനായി, വിലക്കയറ്റം പിടിച്ചു നിര്‍ത്തുക, നികുതി ഇളവുകള്‍ നല്‍കുക, അമേരിക്കയിലേക്ക് വന്‍ നിക്ഷേപം കൊണ്ടുവരിക, സൈന്യത്തിന്റെ നവീകരണം, അതിര്‍ത്തി സുരക്ഷ, നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുക, സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്നും പുരുഷന്‍മാരെ വിലക്കുക, ട്രാന്‍സ്ജെന്‍ഡര്‍ സാഹചര്യം നിര്‍ത്തുക, അങ്ങനെ പലതും!' എന്നും ട്രംപ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us congressJeffrey EpsteinDonald TrumpJeffrey Epstein unsealed documents
News Summary - US Congress approves release of Epstein files, sending Bill to Trump
Next Story