യു.എസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഭയാനകമായ നിശബ്ദത പടർത്തി കൊളംബിയ അറസ്റ്റുകൾ
text_fieldsവാഷിംങ്ടൺ: കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർക്കെതിരായ വർധിച്ചുവരുന്ന അടിച്ചമർത്തലിൽ നിരാശരും ഭയചകിതരുമായി അന്താരാഷ്ട്ര വിദ്യാർത്ഥികളും അധ്യാപകരും. ഭരണകൂട അടിച്ചമർത്തലുകൾ തങ്ങൾക്ക് പരിചിതമാണെന്നും എന്നാൽ അമേരിക്കൻ കാമ്പസുകളിൽ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരിൽ ചിലർ പറയുന്നു.
കൊളംബിയ, ന്യൂയോർക്ക് സിറ്റി യൂനിവേഴ്‌സിറ്റികൾ ആണ് ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്ത വിദേശികളെ നാടുകടത്താനുള്ള ട്രംപ് ഭരണകൂട ശ്രമത്തിന്റെ കേന്ദ്രസ്ഥാനം.
കഴിഞ്ഞ വർഷം കൊളംബിയ കാമ്പസിൽ പ്രതിഷേധിച്ച രണ്ട് വിദേശികളെ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ അറസ്റ്റ് ചെയ്തു. അവരിൽ ഒരാൾ വിദ്യാർഥിയായിരുന്നു. ഈ ആഴ്ച യു.എസിൽ നിന്ന് പലായനം ചെയ്ത മറ്റൊരു വിദ്യാർഥിയുടെ വിസ അവർ റദ്ദാക്കി. വ്യാഴാഴ്ച രണ്ട് കൊളംബിയ വിദ്യാർത്ഥികളുടെ ക്യാമ്പസിലെ വസതികളിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഏജന്റുമാർ പരിശോധന നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥി വിസകൾ റദ്ദാക്കപ്പെടുമെന്ന് ജി.ഒ.പി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊളംബിയയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ജേണലിസം, വിദേശ വിദ്യാർത്ഥികളിൽ ‘ഭയാനകമായ ഒരു മരവിപ്പ്’ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. തങ്ങളുടെ പല അന്താരാഷ്ട്ര വിദ്യാർത്ഥികളും കാമ്പസിലെ പരിപാടികളിലും ക്ലാസുകളിലും വരാൻ ഭയപ്പെടുന്നതായി ‘ജേണലിസം സ്കൂൾ’ ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തുനിന്ന് പുറത്താക്കപ്പെടുമെന്ന ഭയത്താൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ കാമ്പസിൽ വേറിട്ടു നിൽക്കാനോ തങ്ങൾക്ക് ഭയമാണെന്നാണ് രാജ്യത്തുടനീളമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളും ഫാക്കൽറ്റിയും പറയുന്നത്.
ഗ്രീൻ കാർഡ് കൈവശമുള്ള ഫാക്കൽറ്റി അംഗങ്ങൾ അവരുടെ കുടിയേറ്റ നിലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൂർണമായും ഭയപ്പെടുന്നുവെന്ന് ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിലെ നിയമ പ്രഫസർ വീണ ഡുബൽ പറഞ്ഞു.
ചില അന്താരാഷ്ട്ര ഫാക്കൽറ്റികൾ പ്രഭാഷണം, സംവാദം, ഗവേഷണം, ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് യൂനിവേഴ്സിറ്റി പ്രഫസേഴ്‌സിന്റെ ജനറൽ കൗൺസിലായ ഡുബൽ പറയുന്നു.
‘അക്ഷരാർത്ഥത്തിൽ അവരുടെ ശബ്ദം ഞങ്ങൾ കേൾക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഊർജസ്വലതയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നിശബ്ദതയാണിത്. ആളുകൾ വളരെയധികം ഭയപ്പെടുന്നു’വെന്നും ഡുബൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

