യു-ടേൺ അടിച്ച് കൊളംബിയ, കുടിയേറ്റക്കാരെ സ്വീകരിക്കും; ഉപരോധ-നികുതി ഭീഷണി പിൻവലിച്ച് ട്രംപ്
text_fieldsകൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ ഡി.സി: യു.എസിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരികെ അയച്ചുള്ള വിമാനത്തിന് ലാൻഡിങ് അനുമതി നൽകില്ലെന്ന തീരുമാനം പിൻവലിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. തിരിച്ചയക്കുന്ന കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കിൽ കൊളംബിയക്കെതിരെ ഉപരോധവും നികുതിയും ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള കൊളംബിയയുടെ തീരുമാനം. ഇതോടെ കൊളംബിയക്കെതിരെ ഉപരോധവും നികുതിയും ഏർപ്പെടുത്തില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കാൻ കൊളംബിയൻ സർക്കാർ നേരത്തെ വിസമ്മതിച്ചിരുന്നു. യു.എസിലെ അനധികൃത കൊളംബിയൻ കുടിയേറ്റക്കാരെ വഹിച്ചുള്ള രണ്ട് യു.എസ് സൈനിക വിമാനങ്ങൾ കൊളംബിയയിൽ ഇറക്കുന്നത് രാജ്യം നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ഉപരോധവും നികുതി വർധനയും പ്രഖ്യാപിച്ചത്. ട്രംപിന്റെ ഉത്തരവിന് സമാനമായി തിരിച്ചടിക്കാൻ യു.എസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാൻ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ഉത്തരവിട്ടിരുന്നു. എന്നാൽ, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
'കൊളംബിയയിൽ നിന്നുള്ള എല്ലാ നിയമവിരുദ്ധ കുടിയേറ്റക്കാരെയും കാലതാമസം കൂടാതെ തിരിച്ചെടുക്കുന്നതുൾപ്പെടെ പ്രസിഡന്റ് ട്രംപിന്റ് എല്ലാ നിബന്ധനകളും കൊളംബിയ സർക്കാർ അംഗീകരിച്ചു' -വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അനധികൃത കുടിയേറ്റക്കാരെ വഹിച്ച് കൊളംബിയയിലേക്ക് പോയ ആദ്യ വിമാനം വിജയകരമായി തിരിച്ചെത്തുന്നതുവരെ കൊളംബിയൻ ഉദ്യോഗസ്ഥർക്ക് മേലുള്ള വിസ നിയന്ത്രണങ്ങളും രാജ്യത്ത് നിന്നുള്ള സാധനങ്ങളുടെ കസ്റ്റംസ് പരിശോധനയും നിലനിർത്തുമെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു.
നാടുകടത്തപ്പെട്ടവരുമായി തിരിച്ചെത്തുന്ന കൊളംബിയക്കാരെ രാജ്യം സ്വീകരിക്കുന്നത് തുടരുമെന്ന് കൊളംബിയൻ വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ വാർത്തസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

