യു.എസിലെ തട്ടിപ്പ് കേസ്: ഗൗതം അദാനിയും അനന്തരവനും എസ്.ഇ.സി നോട്ടീസ് കൈപ്പറ്റും; 90 ദിവസത്തിനുള്ളിൽ മറുപടി നൽകണം
text_fieldsന്യൂയോർക്ക്: നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച കൈക്കൂലി കേസിൽ യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷനിൽ നിന്ന് (എസ്.ഇ.സി) നിയമപരമായ നോട്ടീസ് സ്വീകരിക്കാൻ ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും സമ്മതിച്ചു.
എസ്.ഇ.സിയുടെ നിയമ രേഖകൾ സ്വീകരിക്കാൻ ഇരുവരും സമ്മതിച്ചതായും ബന്ധപ്പെട്ട കോടതിയുടെ അംഗീകാരത്തിനായി സംയുക്ത അപേക്ഷ സമർപ്പിച്ചതായും അദാനിയുടെ യു.എസ് ആസ്ഥാനമായുള്ള അഭിഭാഷകർ പറഞ്ഞു. കേസുകളിൽ യു.എസ് നിയമ നടപടികളിലെ സാധാരണ നടപടിക്രമമാണിത്.
ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ഒരു ഫെഡറൽ കോടതിയിൽ സമർപിച്ച ഫയലിങ്ങിലാണ് അദാനിക്കും സാഗർ അദാനിക്കും എതിരായ കേസുകൾ നടക്കുന്നത്.
ജഡ്ജി അംഗീകരിച്ചാൽ, സംയുക്ത അപേക്ഷ എസ്.ഇ.സി കേസ് പുരോഗമിക്കാൻ അനുവദിക്കുകയും 90 ദിവസത്തിനുള്ളിൽ അദാനിമാർക്ക് അവരുടെ മറുപടി ബോധിപ്പിക്കാൻ സമയം നൽകുകയും ചെയ്യും. അതിനുശേഷം 60 ദിവസത്തിനുള്ളിൽ എസ്.ഇ.സിക്ക് എതിർപ്പ് ഫയൽ ചെയ്യാം. എതിർപ്പിനുള്ള അദാനിയുടെ മറുപടികൾ പ്രതികൾക്ക് 45 ദിവസത്തിനുള്ളിൽ ഫയൽ ചെയ്യാം.
അദാനി ഗ്രീൻ എനർജി ലിമിറ്റഡിനെക്കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകി ഇരുവരും യുഎസ് സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എസ്.ഇ.സി 2024 നവംബറിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു.
എസ്.ഇ.സിയുടെ സിവിൽ പരാതിക്ക് പുറമേ ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ, സൗരോർജ കരാറുകൾ ഉറപ്പാക്കുന്നതിന് ഇന്ത്യയിൽ 265 മില്യൺ ഡോളറിന്റെ കൈക്കൂലി പദ്ധതി നടപ്പിലാക്കാൻ സഹായിച്ചതായി ആരോപിച്ച് അദാനിമാർക്കും മറ്റു സഹായികൾക്കുമെതിരെ കുറ്റപത്രവും പുറത്തിറക്കി. എന്നാൽ, അദാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിക്കുകയാണ്.
അദാനിമാർ ഇന്ത്യയിൽ തന്നെ തുടരുന്നതിനാൽ നോട്ടീസ് നൽകാൻ കഴിയാത്തതിനാൽ രണ്ട് കേസുകളും ഒരു വർഷത്തിലേറെയായി സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച, കേസ് അറിയിക്കാൻ മറ്റ് മാർഗങ്ങൾ അനുവദിക്കണമെന്ന് എസ്.ഇ.സി ഒരു യു.എസ് ജഡ്ജിയോട് ആവശ്യപ്പെട്ടു. ഇ-മെയിൽ വഴിയും അദാനിമാരെ പ്രതിനിധീകരിക്കുന്ന മറ്റ് യു.എസ് നിയമ സ്ഥാപനങ്ങൾ വഴിയുമാണ് നോക്കുന്നത്.
ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ, നോട്ടീസ് സ്വീകരിക്കാൻ സമ്മതിക്കുന്നത് സാധാരണ നടപടിക്രമം ആണെന്നും, എസ്.ഇ.സിയുടെ പരാതി തള്ളിക്കളയാനോ പ്രതികരണ ഹരജികൾ ഫയൽ ചെയ്യാനോ ശ്രമിക്കുമെന്നും ഗൗതം അദാനി നയിക്കുന്ന പുനഃരുപയോഗ ഊർജ കമ്പനിയായ എ.ജി.ഇ.എൽ പറഞ്ഞു.
കേസിൽ തന്റെ ക്ലയന്റുകളുടെ പട്ടികയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഉൾപ്പെടുത്തി, വാൾസ്ട്രീറ്റിലെ പ്രമുഖ അഭിഭാഷകനായ റോബർട്ട് ഗിയുഫ്ര ജൂനിയറിനെ അദാനി നിയമിച്ചിട്ടുണ്ട്. നിയമ സ്ഥാപനമായ സള്ളിവൻ & ക്രോംവെല്ലിന്റെ സഹ ചെയർമാനായ റോബർട്ട് ഗിയുഫ്ര ജൂനിയർ, അദാനിമാർക്കു വേണ്ടി കേസ് വാദിക്കാൻ കരാറിലെത്തിയതായി ഫെഡറൽ ജഡ്ജിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

