മ്യൂണിക് ഉച്ചകോടിയിൽ യു.എസ്, ചൈന ഉന്നതതല ചർച്ച
text_fieldsമ്യൂണിക്: 59ാമത് മ്യൂണിക് സുരക്ഷ സമ്മേളനത്തിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ചാര ബലൂൺ വിഷയത്തിൽ പ്രതിഷേധം അറിയിച്ച ബ്ലിങ്കൻ സംഭവം ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. കൂടിക്കാഴ്ച ഹൃദ്യമായിരുന്നില്ലെന്നാണ് പിന്നീടുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ചൈനയുടെ ചാര ബലൂൺ ദൗത്യം ലോകത്തിന് ബോധ്യമാക്കിക്കൊടുക്കാൻ കഴിഞ്ഞതായും വിഷയത്തിൽ മാപ്പുപറയാൻ ചൈനീസ് പ്രതിനിധി തയാറായില്ലെന്നും ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ചൈന റഷ്യക്ക് പിന്തുണ നൽകുന്നതിനെതിരെയും യു.എസ് മുന്നറിയിപ്പ് നൽകി. മ്യൂണിക് സുരക്ഷ സമ്മേളനം ഞായറാഴ്ച സമാപിച്ചു.
യുക്രെയ്ൻ യുദ്ധവും അനുബന്ധ വിഷയങ്ങളും ചർച്ചയായി. എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കാറുള്ള സമ്മേളനത്തിൽ സമകാലിക സുരക്ഷ വെല്ലുവിളികളാണ് ചർച്ച ചെയ്യുന്നത്. 70 രാജ്യങ്ങളിൽനിന്നുള്ള 350ലേറെ പ്രതിനിധികൾ സംബന്ധിച്ചു.

